April 17, 2026

പൂതാടി പഞ്ചായത്തിൽ മിഷൻ പി.ആർ.ടി. രൂപീകരിച്ചു; ജനജാഗ്രത സമിതി യോഗം ചേർന്നു

0
img_20250423_185116
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ 10 ഇന കർമ്മ പദ്ധതിയുടെ ഭാഗമായ മിഷൻ പി.ആർ.ടി.ക്ക് വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ നാല് പ്രധാന മേഖലകളിൽ പ്രാഥമിക പ്രതികരണ സേന (പി.ആർ.ടി.) രൂപീകരിച്ചു.

 

കക്കോടൻ ബ്ലോക്ക്‌ -പാത്രമൂലയിൽ 9 അംഗങ്ങളും, അയനിമല -കേളമംഗലത്ത് 13 അംഗങ്ങളും, മൂടക്കൊല്ലിയിൽ 12 അംഗങ്ങളും, ഇരുളത്ത് 9 അംഗങ്ങളുമാണ് പി.ആർ.ടി.യിൽ സന്നദ്ധപ്രവർത്തകരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

 

പൂതാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ജനജാഗ്രത സമിതി യോഗത്തിൽ ഈ അംഗങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചു. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അബ്ദുൽ ഗഫൂർ യോഗത്തിന് സ്വാഗതം ആശംസിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനജാഗ്രത സമിതി ചെയർപേഴ്സണുമായ മിനി പ്രകാശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

 

പൂതാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാർ, പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ യു സുരേന്ദ്രൻ, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഖിൽ ടി ബി, ശ്രീജിത്ത് പി എസ്, ജിതിൻ വിശ്വനാഥ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ കെ. യു. സുരേന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

 

വന്യജീവി ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, അടിയന്തരഘട്ടങ്ങളു മായി പ്രതികരിക്കുന്നതിനും, ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പി.ആർ.ടി.യുടെ പ്രവർത്തനം സഹായകമാകും എന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മിഷൻ പി.ആർ.ടി.യുടെ രൂപീകരണം ഈ മേഖലയിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ ഒരു നിർണ്ണായക ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *