ചീരാലിൽ പുലിപ്പേടി ഒഴിഞ്ഞു; വനംവകുപ്പിൻ്റെ തിരച്ചിലിൽ സാന്നിധ്യം കണ്ടെത്തിയില്ല
മേപ്പാടി: വയനാട് സൗത്ത് ഡിവിഷനിലെ മുട്ടിൽ സെക്ഷൻ പരിധിയിലെ ചീരാൽ പ്രദേശത്ത് നിലനിന്നിരുന്ന പുലി ഭീഷണിക്ക് താൽക്കാലിക വിരാമം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശത്തെ തുടർന്ന് മേപ്പാടി പ്രൊബേഷനറി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ നസ്‌നയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തിരച്ചിലിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, മുട്ടിൽ, തൊട്ടാമൂല സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാർ, മറ്റ് ജീവനക്കാർ എന്നിവർ ചേർന്നാണ് പ്രദേശത്ത് വിശദമായ പരിശോധന നടത്തിയത്. വാർഡ് മെമ്പർമാരുടെയും ജനപ്രതിനിധികളുടെയും നിർദേശങ്ങൾ പരിഗണിച്ച് കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ തെരച്ചിൽ നടത്തി. എന്നാൽ, ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയതായി വനംവകുപ്പ് അറിയിച്ചു.
മേപ്പാടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ.വി ബിജു ഉച്ചയ്ക്ക് ശേഷം സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. മുൻകാലങ്ങളിൽ ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ, പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നതായും വനംവകുപ്പ് അറിയിച്ചു. പുലിയെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.





Leave a Reply