July 28, 2026

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം: സമരക്കാരുടെ ആവശ്യങ്ങളിൽ പൂർണ്ണമായ നീതിയുണ്ടെന്ന് വനം മന്ത്രി; അടിയന്തര റിപ്പോർട്ട് തേടി

0
IMG_20260728_120153
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ പൂർണ്ണമായ നീതിയും ശരിയുമുണ്ടെന്നാണ് സർക്കാരിന്റെ നിലപാടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. അരനൂറ്റാണ്ടായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഈ വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിഷയം പരിഹരിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ അടിയന്തരമായി നിർദ്ദേശിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഇനി തടസ്സവാദങ്ങൾ ഉന്നയിച്ച് സമയം നീട്ടിക്കൊണ്ടുപോകരുതെന്നും, പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ കൃത്യമായി റിപ്പോർട്ട് നൽകണമെന്നുമാണ് സർക്കാർ കർശനമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി ഉദ്യോഗസ്ഥതലത്തിൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ എം.എൽ.എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖിനോട് ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ച ഉൾപ്പെടെ സംസാരിച്ചതായും ഇനിയും തുടർചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ സമരപന്തൽ സന്ദർശിക്കുന്നില്ലെന്നും കൂടുതൽ വ്യക്തത വന്ന ശേഷം ഔദ്യോഗികമായി തന്നെ സമരപ്പന്തൽ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യം ശക്തമാകുന്നതിനിടെയാണ്, സമരക്കാരുടെ ഭാഗത്ത് നീതിയുണ്ടെന്ന് ശരിവെച്ചുകൊണ്ടുള്ള വനം മന്ത്രിയുടെ നിർണ്ണായക പ്രതികരണം ഉണ്ടാകുന്നത്. അരനൂറ്റാണ്ടോളം നീണ്ട ഈ ഭൂമി തർക്കത്തിൽ നീതി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ കുടുംബാംഗമായ ജെയിംസിനെ കഴിഞ്ഞ ആഴ്ച കൃഷി മന്ത്രി ടി. സിദ്ദിഖ് സമരപ്പന്തലിലെത്തി സന്ദർശിക്കുകയും വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *