May 6, 2026

എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും, പുനരധിവാസവും ഉറപ്പ് വരുത്തണം: ടി.സിദ്ധിഖ് എം.എല്‍.എ

0
img_20250505_200322
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും, അവരുടെ പുനരധിവാസവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ജയതിലക് ഐ.എ.എസ് തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കി.

 

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എലസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സാഹചര്യത്തില്‍, അതില്‍ ജോലിചെയ്യുന്ന തോട്ടം തൊഴിലാളികളുടെ ഭാവി സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുണ്ട്. തങ്ങളുടെ സ്ഥിരതയുള്ള തൊഴില്‍ നഷ്ടപ്പെടുന്ന നിലയിലാണ് ഈ തൊഴിലാളികള്‍. ടൗണ്‍ഷിപ്പിനായി ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലെ നൂറ് തൊഴിലാളികള്‍ അടക്കം എസ്റ്റേറ്റിന് കീഴിലെ 3 ഡിവിഷനുകളിലായി ആകെ 274 തൊഴിലാളികളാണുള്ളത്. ഇവരില്‍ 150 പേര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരാണ്. 2014 മുതല്‍ തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ പി.എഫ് വിഹിതവും ഉടമ അടക്കേണ്ട വിഹിതവും പി.എഫ് അകൗണ്ടില്‍ അടച്ചിട്ടില്ല. വിരമിച്ച 150 തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി ലഭിച്ചിട്ടില്ല. 1 വര്‍ഷത്തെ ലീവ് വിത്ത് വേജസ്, 2 വര്‍ഷത്തെ ബോണസ്, 7 വര്‍ഷത്തെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍, അത്രയും വര്‍ഷത്തെ വെതര്‍ പ്രൊട്ടക്ടീവ് ആനുകൂല്യങ്ങള്‍, 2 ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ കുടിശിക തുടങ്ങിയവയെ കുറിച്ച് തോട്ടം ഉടമ മൗനം തുടരുകയാണ്. തൊഴിലാളികള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പ്രതിഫല തുകയില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായും ഇവ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും, എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു.

 

എലസ്റ്റണ്‍ എസ്റ്റേറ്റില്‍ പുനരധിവാസം നടത്തുന്നതിന് ആരും എതിരല്ല. പക്ഷേ നിലവില്‍ താമസിച്ച് കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മറ്റൊരു താമസസ്ഥലമില്ലാതെ എസ്റ്റേറ്റ് പാടികളില്‍ നിന്നും പെട്ടെന്ന് ഒഴിവാകണമെന്ന് പറഞ്ഞ് നോട്ടീസ് പതിച്ച് അവരെ ഒഴിവാക്കാനുള്ള നടപടി നീതീകരിക്കാനാവില്ല. തൊഴിലാളികള്‍ എങ്ങോട്ട് പോകും, എവിടെ താമസിക്കും എന്ന ആശങ്കയിലാണ്. അതോടൊപ്പം തന്നെ നിലവില്‍ തൊഴിലെടുക്കുന്നതായിരിക്കുന്ന തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം ഇനിയും ബാക്കിയുണ്ട്. ഈ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രസ്തുത വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *