വി. രവീന്ദ്രൻ ധർമ്മടത്തിന് ഒയിസ്കയുടെ ‘മിഡോറി സമുറായ് അവാർഡ്’
കോഴിക്കോട്: പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന വി. രവീന്ദ്രൻ ധർമ്മടത്തിന് ഒയിസ്ക ഇൻ്റർനാഷണലിന്റെ അഭിമാനകരമായ “മിഡോറി സമുറായ് അവാർഡ്” സമ്മാനിച്ചു. “പച്ചപ്പിന്റെ കാവലാൾ” എന്നറിയപ്പെടുന്ന ഈ പുരസ്കാരം, കോഴിക്കോട് ഒയിസ്ക യൂത്ത് സെന്ററിൽ നടന്ന ഒയിസ്ക ഇൻ്റർനാഷണൽ നോർത്ത് കേരള സമ്മേളനത്തിൽ വെച്ച് ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു എം. ആണ് രവീന്ദ്രന് സമ്മാനിച്ചത്.
ഒയിസ്ക കോഴിക്കോട് വനിതാ ചാപ്റ്റർ ഏർപ്പെടുത്തിയ ഈ പുരസ്കാരം പ്രശസ്തിപത്രവും 10,001 രൂപയുടെ ക്യാഷ് അവാർഡും ഉൾപ്പെടുന്നതാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ നിസ്വാർത്ഥമായ ഇടപെടലുകൾ പരിഗണിച്ചാണ് രവീന്ദ്രൻ ധർമ്മടത്തിന് ഈ അംഗീകാരം ലഭിച്ചത്.
തലശ്ശേരി എരഞ്ഞോളി പുഴയിലെ കണ്ടൽക്കാടുകളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്വന്തം നിലയിൽ നീക്കം ചെയ്ത് പരിസ്ഥിതി അവബോധം വളർത്തുന്നതിൽ രവീന്ദ്രൻ സജീവമാണ്. യാതൊരു പ്രതിഫലവും ഇല്ലാതെയാണ് അദ്ദേഹം ഈ മഹത്തായ സേവനം അനുഷ്ഠിക്കുന്നത്.
ഉത്തരമേഖല പ്രസിഡന്റ് പ്രൊഫ. ഫിലിപ്പ് കെ. ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. ശുദ്ധോദനൻ ഉദ്ഘാടനം ചെയ്തു. അനിത ടി, വി.പി. ശശിധരൻ, ഫൗസിയ മുബഷീർ, സതീഷ് കുമാർ, അഡ്വ. ജയപ്രശാന്ത് ബാബു, ജെയ്‌സൺ ബേസിൽ, കെ. റിനീഷ്, ലേഖ കോറോത്ത്, ഗീത പ്രേമരാജൻ, അമൃത മനോഹരൻ, പ്രിയ നന്ദകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply