April 30, 2026

പ്രിയങ്ക ഗാന്ധി എം.പി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ സി-ആം മെഷീൻ ഉദ്ഘാടനം ചെയ്യുകയും മൊബൈൽ ഡിസ്പെൻസറി വാഹനത്തിന്റെ താക്കോൽ കൈമാറുകയും ചെയ്തു.

0
IMG_20250615_210442
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വൈത്തിരി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സി-ആം മെഷീൻ സ്ഥാപിച്ചതിന്റെ ഉദ്ഘാടനവും, മൊബൈൽ ഡിസ്പെൻസറി യൂണിറ്റിനായുള്ള വാഹനത്തിന്റെ താക്കോൽദാനവും ഫ്ലാഗ് ഓഫും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. നിർവഹിച്ചു.

അഡ്വ. ടി. സിദ്ദിഖ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സി-ആം മെഷീൻ ആശുപത്രിയിൽ സജ്ജമാക്കിയത്. ജെബി മേത്തർ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയാണ് മൊബൈൽ ഡിസ്പെൻസറി യൂണിറ്റിനുള്ള വാഹനം വാങ്ങിയത്.

അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീർ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.പി., ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, എച്ച്.എം.സി. അംഗങ്ങൾ എന്നിവർ സംസാരിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ 100 സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഡോക്ടർമാരെയും ഇതിന് നേതൃത്വം നൽകിയ മുൻ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂരിനെയും ശസ്ത്രക്രിയയുടെ ഭാഗമായ ആരോഗ്യപ്രവർത്തകരെയും പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു.

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബസംഗമത്തിൽ സംസാരിച്ച പ്രിയങ്ക ഗാന്ധി, മികച്ച സേവനം നൽകുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പം മുന്നോട്ട് പോകാൻ സാധിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് പറഞ്ഞു. ആദ്യമായി മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ചന്ദ്രനും, ആദ്യമായി ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ തങ്കമ്മയും ഉൾപ്പെടെ നൂറിലധികം മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയവരുടെയും അവരുടെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെയും ഒത്തുചേരൽ ശ്രദ്ധേയമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *