പുരപ്പുറ സോളാർ പദ്ധതി വ്യാപിപ്പിക്കാൻ വയനാട്ടിൽ ആഹ്വാനം; കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ജനങ്ങളെ സജ്ജരാക്കും
കൽപ്പറ്റ : പുരപ്പുറ സോളാർ പദ്ധതി എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കണമെന്ന് സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) വയനാട് നാലാം വാർഷിക സമ്മേളനം ആഹ്വാനം ചെയ്തു. പരിഷത്ത് പ്രൊഡക്ഷൻ സെന്ററിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ സ്റ്റെർക്ക് വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയാണിത്.
കാർബൺ ഡൈഓക്സൈഡ് ഉത്പാദനം കുറയ്ക്കുന്നതിനായി ജൈവമാലിന്യ സംസ്കരണ പ്ലാന്റുകളും ഊർജ്ജ സംരക്ഷണ പരിപാടികളും വ്യാപകമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കർഷകരെയും സാധാരണ ജനങ്ങളെയും പ്രാപ്തരാക്കുന്നതിന് നബാർഡുമായി സഹകരിച്ച് ബഹുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
കൂടാതെ, കുട്ടികളുടെ ജിജ്ഞാസ വളർത്തുന്ന ‘ക്യൂരിയോസാറ്റ് സെന്റർ വിജ്ഞാന കൗതുകം’ പരിപാടിയുടെ രണ്ടാം സീസണിനും പൊതുയോഗം അംഗീകാരം നൽകി.
സ്റ്റെർക്ക് ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സി.ഇ.ഒ. എം.എം. ടോമി റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. ഡോ. ടി.ആർ. സുമ, എം. പ്രകാശ്, അബ്ദുൾ ഷുക്കൂർ, കെ.ജെ. പോൾ, പി. സുരേഷ് ബാബു, ഇ.കെ. ജയരാജൻ, എൻ. സത്യാനന്ദൻ, പി.കെ. രാജപ്പൻ, രത്നം വി.എം, മാഗി വിൻസെന്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.





Leave a Reply