വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം: ജോയിന്റ് കൗണ്‍സില്‍
കല്‍പ്പറ്റ: മണ്ണിടിച്ചല്‍ ഉണ്ടായ ചൂരല്‍മലയില്‍ സ്ഥലത്തെ ഫീല്‍ഡ് പരിശോധനയില്‍ ഏര്‍പ്പെട്ട വെള്ളരിമല വില്ലേജ് ഓഫിസറെ കയ്യേറ്റം ചെയ്യുകയും, വാഹനം ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റഷീദ പി പി, ജില്ലാ സെക്രട്ടറി ലിതിന്‍ ജോസഫ്,ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ റേണകുമാര്‍ കെ ജി,വിനോദ് പി എന്‍, പ്രജിത്ത് ബി,ജോയിന്റ് കൗണ്‍സില്‍ മേഖല സെക്രട്ടറി അനീഷ് കുമാര്‍ പി ടി എന്നിവ സംസാരിച്ചു.
പ്രകൃതിക്ഷോഭ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ടൗണ്‍ഷിപ്പ് നിര്‍മ്മാണവും, പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ അതിവേഗം നടപ്പിലാക്കുന്നതിന് മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ദുരന്ത ദിനം മുതല്‍ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ അതിവേഗം നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് കഠിന പ്രയത്നം നടത്തി വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുണ്ടാകുന്ന ആക്രമണം സര്‍കാരിന്റെ പ്രതിഛായ തകര്‍ക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ഭയമായും, സ്വതന്ത്രമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.





Leave a Reply