May 26, 2026

ബിവറേജസ് കോർപ്പറേഷൻ ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ എടുക്കാൻ ഒരുങ്ങുന്നു

0
IMG_20250627_192459
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മദ്യ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ ചില്ലറ വിൽപ്പനശാലകൾ വഴി തിരികെ ശേഖരിച്ച് പുനരുപയോഗത്തിന് നൽകാൻ ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നു. ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

 

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെവ്കോയുടെ ഈ നീക്കം. ചില്ലറ വിൽപ്പന ശാലകളിൽ ശേഖരണ സംവിധാനം ഒരുക്കിയാകും ഇത് നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി.

 

 

2021-ൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും കോവിഡ് മഹാമാരി കാരണം തുടരാനായിരുന്നില്ല. ശേഖരിക്കുന്ന കുപ്പികൾ പുനരുപയോഗ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവാണ് പ്രധാന വെല്ലുവിളി. ഈ ചെലവിന്റെ ഒരു വിഹിതം ബെവ്കോ വഹിക്കണമെന്നാണ് ക്ലീൻ കേരള കമ്പനിയുടെ ആവശ്യം. നിലവിൽ പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗം ചെയ്യുന്ന ഫാക്ടറികൾ പ്രധാനമായും കോയമ്പത്തൂരിലും ആന്ധ്രയിലുമാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ, അവിടങ്ങളിലേക്ക് കുപ്പികൾ എത്തിക്കുന്നതിന് വലിയ തുക ചെലവാകും.

 

ബെവ്‌കോയുടെ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലും പാലക്കാട് ചിറ്റൂർ മലബാർ ഡിസ്റ്റിലറീസിലും സ്വന്തമായി പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ ഫാക്ടറി സ്ഥാപിക്കുന്നത് മുൻപ് പരിഗണിച്ചിരുന്നു. എന്നാൽ ഇത് ലാഭകരമാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

 

 

 

ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകുന്ന ഉപഭോക്താക്കൾക്ക് ചെറിയ തുക നൽകുന്ന കാര്യവും ബെവ്കോ പരിഗണിക്കുന്നുണ്ട്. ഇത് സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാൽ മുൻപ് ഈ നിർദ്ദേശം പരിഗണിക്കപ്പെട്ടിരുന്നില്ല. എങ്കിലും, നിലവിലെ സാഹചര്യത്തിൽ ഈ സാധ്യതയും ബെവ്കോ പരിശോധിച്ചുവരികയാണ്.

 

ഈ പുതിയ പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നം ലഘൂകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *