തോട് ഇടിഞ്ഞ് വീടിന് ഭീഷണി; ആശങ്കയിൽ കുടുംബം
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ എട്ടേനാല് പിള്ളേര് റോഡിൽ മുഞ്ഞനാട്ട് സതീഷ്-ബിന്ദു ദമ്പതികളുടെ വീടിന് മുൻവശത്തുകൂടി ഒഴുകുന്ന തോട് ഇടിഞ്ഞത് പ്രദേശത്ത് അപകടഭീഷണി ഉയർത്തുന്നു. തോടിന്റെ അരികുകൾ ഇടിഞ്ഞതോടെ വീടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലാണ് ഈ കുടുംബം. നിലവിലെ സ്ഥിതി തുടർന്നാൽ വീട് ഉൾപ്പെടെ തോടിലേക്ക് ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടെന്ന് വീട്ടുകാർ പറയുന്നു.
2018-ലെ പ്രളയകാലത്ത് വീടിന് മുന്നിലെ തോടിന്റെ ഭാഗം ഇടിഞ്ഞിരുന്നു. അന്ന് മുതൽ വില്ലേജ് ഓഫീസ് മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ പരാതി നൽകിയിട്ടും ഇതുവരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ അന്വേഷണം നടന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.
ഇടിഞ്ഞ ഭാഗത്ത് 2018 മുതൽ ഷീറ്റുകൾ വിരിക്കുകയും, ഈ വർഷം മണൽ നിറച്ച ചാക്കുകൾ വെച്ച് താൽക്കാലികമായി ബലപ്പെടുത്തുകയും ചെയ്തതിനാലാണ് കൂടുതൽ ഇടിയാതിരുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രവർത്തികൾ നടക്കുന്ന തോടാണിത്. എന്നിരുന്നാലും, ഈ താൽക്കാലിക പരിഹാരങ്ങൾ മതിയാകില്ലെന്നും, പഞ്ചായത്തിന്റെയും വില്ലേജിന്റെയും ഭാഗത്തുനിന്ന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണമെന്നുമാണ് വീട്ടുകാരുടെ പ്രധാന ആവശ്യം. നിലവിൽ ഇത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.





Leave a Reply