സി വി പത്മരാജന്റെ നിര്യാണം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു
കല്‍പ്പറ്റ: മുന്‍ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന അഡ്വ. സി. വി. പത്മരാജന്റെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് സി വി പത്മരാജന്‍ സാറിന്റെ നിര്യാണത്തിലൂടെഉണ്ടായിരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.സിവി പത്മരാജന്റെ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വളരെ ചെറുപ്പം മുതല്‍ തന്നെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അദ്ദേഹം.വാര്‍ഡ്പ്രസിഡന്റില്‍ നിന്ന് തുടങ്ങി കെ.പി.സി.സി പ്രസിഡന്റ് പദവി വരെ എത്താനും അദ്ദേഹത്തിന് സാധിച്ചു. സൗമ്യമായ പെരുമാറ്റവും പൊതുജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇടപെടലും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാക്കി മാറ്റി. 1982 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു രണ്ടുപ്രാവശ്യവും പ്രധാനപ്പെട്ട മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ഒരു ജനപ്രിയ നേതാവായിരുന്നു അദ്ദേഹം.
ലീഡര്‍ കെ കരുണാകരന്‍ രോഗബാധിതനായി അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം താല്‍ക്കാലികമായി ഏല്‍പ്പിച്ചത് സി. വി. പത്മരാജന്‍ സാറിനെ ആയിരുന്നു. ലീഡര്‍ കെ. കരുണാകരനും സി. വി. പത്മരാജന്‍ സാറും തമ്മിലുള്ള ആത്മബന്ധവും വിശ്വാസവും വളരെ വലുതായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ല യു.ഡി.എഫ്. കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, കെ. വി. പോക്കര്‍ ഹാജി, ജി. വിജയമ്മ ടീച്ചര്‍, ഒ.ആര്‍. രഘു, ഇ. വി അബ്രഹാം, ടിന്‍ടോ ജോസ്, ഗൗതം ഗോകുല്‍ദാസ്, ഷമീര്‍ വൈത്തിരി, സതീഷ് കുമാര്‍, അരുണ്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply