വയനാട്ടിൽ വൻ എം.ഡി.എം.എ വേട്ട: നിരവധി കേസുകളിലെ പ്രതി പിടിയിൽ
ജില്ലയിൽ വീണ്ടും മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയായ അമൽ ശിവൻ (30) ആണ് പോലീസ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
തിരുവനന്തപുരം കഴക്കൂട്ടം പ്ലാവറത്തല വീട്ടിൽ താമസിക്കുന്ന അമൽ ശിവനെ ജില്ലാ ലഹരി വിരുദ്ധ സേനയും മാനന്തവാടി ഡിവൈഎസ്പി സ്ക്വാഡും വെള്ളമുണ്ട പോലീസും ചേർന്നാണ് പിടികൂടിയത്. തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വധശ്രമം, തുമ്പ പോലീസ് സ്റ്റേഷനിൽ മോഷണം, തിരുവല്ലം, നെയ്യാർഡാം, നെടുമങ്ങാട് എന്നിവിടങ്ങളിൽ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ഏഴ് മാസമായി ഇയാൾ വയനാട് പടിഞ്ഞാറത്തറയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങി പടിഞ്ഞാറത്തറയിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്ന് പുലർച്ചെ ആറുവാൾ, പുഴക്കൽ പീടികയിൽ വെച്ചാണ് അമൽ ശിവൻ പോലീസ് പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച KL-22-R-8631 നമ്പർ യമഹ എം.ടി ബൈക്കിന്റെ സീറ്റിനടിയിലെ ടൂൾ കിറ്റ് വെക്കുന്ന ഭാഗത്ത് സിഗരറ്റ് പാക്കറ്റിനുള്ളിൽ രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ഇയാൾ വാടകയ്ക്ക് താമസിക്കുന്ന പടിഞ്ഞാറത്തറയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ വിവിധ ആളുകൾക്ക് വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന 38 ട്രാൻസ്പരന്റ് കവറുകളും കണ്ടെടുത്തു. കഴിഞ്ഞ ദിവസവും ജില്ലയിൽ കൊമേഴ്സ്യൽ അളവിൽ എം.ഡി.എം.എ പിടികൂടിയിരുന്നു.
വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ. മിനിമോൾ, എസ്.ഐമാരായ ഷമീർ, രാജേഷ്, എ.എസ്.ഐ സജി, എസ്.സി.പി.ഒമാരായ ഷംസുദ്ദീൻ, അനസ്, സി.പി.ഒമാരായ റാഷിദ്, സുഹൈൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.





Leave a Reply