May 25, 2026

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനപ്രവാഹം 

0
IMG_20250722_203546
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ പുൽപ്പള്ളി ജനതയുടെ മനസ്സിൽ ഒരു പോരാളിയായും ആശ്വാസദാതാവായും എന്നെന്നും ജീവിക്കും. ഒരു കാലത്ത് “കേരളത്തിലെ ദുബായ്” എന്നറിയപ്പെട്ടിരുന്ന പുൽപ്പള്ളി, കുരുമുളകിന് രോഗം ബാധിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയിലും 2016-17 ലെ കൊടുംവരൾച്ചയിലും ദുരിതത്തിലായപ്പോൾ, പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ അവർക്ക് താങ്ങും തണലുമായി എത്തി.

 

കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങുകയും കുടിവെള്ളം പോലും കിട്ടാതെ ജനങ്ങൾ വിഷമിക്കുകയും ചെയ്തപ്പോൾ, പുൽപ്പള്ളിയിലെത്തി കർഷകരുടെ പരാതികൾ അദ്ദേഹം നേരിട്ട് കേട്ടു. “ഞാനുണ്ട് നിങ്ങളോടൊപ്പം, നിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ” എന്ന അദ്ദേഹത്തിന്റെ ഉറപ്പ് ദുരിതത്തിലായ കർഷകർക്ക് വലിയ ആശ്വാസമായി. പുൽപ്പള്ളിയുടെ വരൾച്ചാ ദുരിതം നിയമസഭയിൽ കൃത്യമായി അവതരിപ്പിച്ച വി.എസ്., ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയായിരുന്നു.

 

വരൾച്ചയെ തുടർന്നുണ്ടായ കടക്കെണിയും തുടർച്ചയായ ആത്മഹത്യകളും പുൽപ്പള്ളിയിൽ അരങ്ങേറിയപ്പോൾ, വിപ്ലവകാരിയായ വി.എസിന് കാഴ്ചക്കാരനാകാൻ കഴിഞ്ഞില്ല. ആത്മഹത്യ ചെയ്ത കുടുംബങ്ങളെ അദ്ദേഹം സന്ദർശിക്കുകയും, അവരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും അടിയന്തര സഹായം ലഭ്യമാക്കണമെന്നും നിയമസഭയിൽ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്ന് അന്നത്തെ കൃഷിമന്ത്രി കെ.ആർ. ഗൗരിയമ്മ അടക്കമുള്ള മന്ത്രിമാരും കേന്ദ്രസംഘവും പുൽപ്പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

 

ദുരിതം അതിന്റെ പാരമ്യതയിലെത്തി നിൽക്കെ, മരക്കടവ് ആദിവാസി കോളനിയിൽ രണ്ട് സ്ത്രീകൾ പട്ടിണിമൂലം മരണപ്പെട്ട സംഭവം വി.എസ്സിനെ ഏറെ വേദനിപ്പിച്ചു. ഈ വിഷയവും അദ്ദേഹം നിയമസഭയിൽ ഉന്നയിക്കുകയും, അന്ന് മാതൃഭൂമി ലേഖകനായിരുന്ന ബാബു നമ്പൂടകത്തെ നിയമസഭയിലേക്ക് വിളിപ്പിച്ച് നാടിന്റെ യഥാർത്ഥ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. പുൽപ്പള്ളി മേഖലയോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് വി.എസ്സിന്റെ നേതൃത്വത്തിൽ നിയമസഭ ബഹിഷ്കരിച്ചതും ശ്രദ്ധേയമായിരുന്നു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രി എം.വി. രാഘവൻ ഉൾപ്പെടെ നിരവധി മന്ത്രിമാർ പുൽപ്പള്ളി സന്ദർശിച്ചു.

 

പുൽപ്പള്ളി ജനതയുടെ കണ്ണീരിൽ പങ്കുചേരുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്ത വി.എസ്. അച്യുതാനന്ദൻ, ഈ നാടിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അപൂർവം ചില നേതാക്കളിൽ ഒരാളാണ്.

 

വി.എസ്. അച്യുതാനന്ദൻ: ജനതാദൾ (എസ്) വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

പുൽപ്പള്ളി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ജനതാദൾ (എസ്) വയനാട് ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേർന്നു. തീക്ഷണമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ നേടിയ അനുഭവസമ്പത്തും ശക്തവും ഉറച്ചതുമായ നിലപാടുകളോടും പോരാട്ടവീര്യവും കൊണ്ട് കേരളത്തിലെ ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഉജ്ജ്വലനായ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് യോഗം വിലയിരുത്തി.

 

ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, സുബൈർ കടന്നോളി, വി.പി. വർക്കി, എ.ജെ. കുര്യൻ, അന്നമ്മ പാലോസ്, വിശ്വനാഥൻ, പി.കെ. ബാബു, കെ.കെ. ദാസൻ, സി. അയ്യപ്പൻ, അമീർ അറയ്ക്കൽ, രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് അനുശോചനം രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news