വിലക്കയറ്റം: ഹോട്ടലുകളും ബേക്കറികളും പ്രതിസന്ധിയിൽ, സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.എച്ച്.ആർ.എ.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കാരണം ഹോട്ടലുകളും ബേക്കറികളും പ്രതിസന്ധിയിലാണെന്ന് മാനന്തവാടി താലൂക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.). അടിയന്തരമായി വിലക്കയറ്റം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് കെ.എച്ച്.ആർ.എ. ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിന് കാരണം വൻകിട കുത്തക കമ്പനികൾ സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതാണെന്ന് യോഗം ആരോപിച്ചു. ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ സർക്കാർ പരിശോധന നടത്തുകയും സാധനങ്ങൾ പിടിച്ചെടുത്ത് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് വിതരണം ചെയ്യുകയും വേണം. ഇത് വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കൂടാതെ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ ഹോട്ടൽ വ്യവസായത്തെ തകർക്കുന്നതാണെന്നും ഈ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അബ്ദുൽ ഗഫൂർ സാഗർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ മുഖ്യ പ്രഭാഷണം നടത്തി. പി.ആർ. ഉണ്ണികൃഷ്ണൻ, റഫീഖ് വിന്നേഴ്സ്, എൻ.ആർ. നസീർ, ഹബീബ് സെഞ്ച്വറി, ജാഫർ അൽമാസ്, പ്രസീത മുകുന്ദ്, യശോദ പ്രീത, അബ്ദുറഹിമാൻ ഗ്രീൻസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറി സാബു സവായ ഹൗസ് സ്വാഗതം പറഞ്ഞു.





Leave a Reply