April 16, 2026

ഇ.യു.ഡി.ആര്‍: കാപ്പി കര്‍ഷകര്‍ക്ക് വിനയായി യൂറോപ്യന്‍ യൂണിയന്‍ നിബന്ധനകള്‍ : വിപണിയെ സാരമായി ബാധിച്ചേക്കും

0
site-psd-30
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്റെ പുതിയ നിലപാട് കാപ്പി കര്‍ഷകര്‍ക്ക് വിനയാകുന്നു. വനനശീകരണം നടത്തിയിട്ടില്ലന്ന് കര്‍ഷകര്‍ സത്യവാങ് മൂലം നല്‍കണമെന്ന നിബന്ധനയാണ് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നത്. നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചേക്കും.രാജ്യത്തെ കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. ആഗോളതലത്തില്‍ കാലാവസ്ഥവ്യതിയാനം വന്നതോടെ വനനശീകരണത്തിനെതിരെയുള്ള നയത്തിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ഡീ ഫോറസ്റ്റേഷന്‍ റെഗുലേഷന്‍ അഥവാ ഇ.യു ഡി. ആര്‍. നടപ്പാക്കുന്നത്.

ഒട്ടേറെ വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് നടപ്പാക്കുന്നതിന് മുമ്പ് കാപ്പി പോലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് സമയം നല്‍കിയിരുന്നു. വനനശീകരണം വരുത്തിയല്ല ഞാന്‍ കൃഷി ചെയ്തത് എന്ന് ഓരോ കര്‍ഷകനും സത്യവാങ് മൂലം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ആരും ഈ വിഷയം ഗൗരവമായി എടുത്തില്ല. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ ഈ സത്യവാങ് മൂലം നല്‍കിയില്ല. യൂറോപ്യന്‍ യൂണിയന്‍ 2025 ന്റെ അവസാനത്തോടെ ഇ യു ഡി. ആര്‍. കര്‍ശനമാക്കുകയാണ്. വിവരങ്ങള്‍ ബോധിപ്പിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി 2025 ഡിസംബര്‍ 31- മുതല്‍ നിര്‍ത്തും. കാപ്പിയെ സംബന്ധിച്ച് ഇടുക്കി , വയനാട് , കര്‍ണാടകയിലെ കുടക് ജില്ലകളെയാണ് ഇത് സാരമായി ബാധിക്കുക. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഷിയിടം രജിസ്റ്റര്‍ ചെയ്യാനും വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റിയിട്ടില്ലന്നും ബോധിപ്പിക്കാന്‍ ഇന്ത്യ കോഫി ആപ്പ് വഴി അവസരമൊരുക്കിയിരിക്കുകയാണ് കോഫി ബോര്‍ഡ്. കര്‍ഷക രജിസ്‌ട്രേഷനായി വയനാട്ടില്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. എം. കറുത്ത മണി പറഞ്ഞു.

ഇന്ത്യാ കോഫി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ബോധിപ്പിച്ചാല്‍ യൂറോപ്യന്‍ യൂണിയന് അവര്‍ നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ ഇന്ത്യ പാലിക്കുന്നുണ്ടന്ന് തെളിയിക്കാന്‍ കഴിയും. അത് സാധ്യമാകാതെ വന്നാല്‍ വരും മാസങ്ങള്‍ കാപ്പി വിപണിയെ ബാധിക്കുകയും വില ഇടിയുകയും ചെയ്യും. നിലവില്‍ വയനാട് ഉള്‍പ്പടെ യുള്ള ജില്ലകളില്‍ മരത്തണലില്‍ വളരുന്ന റോബസ്റ്റ കാപ്പിക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നു. പുതിയ നിബന്ധന വരുന്നതോടെ ഈ ഡിമാന്‍ഡ് എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടന്നും കാപ്പി കര്‍ഷകര്‍ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *