August 21, 2026

ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി

0
site-psd-405
By ന്യൂസ് വയനാട് ബ്യൂറോ

ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച ഉമ്മന്‍ ചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.ജില്ലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുകയാണെന്നും ജില്ലയിലെ വിവിധ മേഖലകളില്‍ കര്‍ഷകരുടെ പ്രയാസങ്ങള്‍ മനസിലാക്കി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ സ്വജീവിതം മാറ്റി വെച്ചതുമായ ഉമ്മന്‍ ചാണ്ടിയുടെ പേരിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പൊതുജനങ്ങളുടെ പൊതു ആവശ്യങ്ങള്‍ക്ക് ത്രിതല പഞ്ചായത്തിന്റെ വലിയ തുടക്കമാണ് ഓഡിറ്റോറിയമെന്നും എംപി പറഞ്ഞു.ജനങ്ങള്‍ക്കായി ഒരു ജനാധിപത്യ ഇടം തുറന്നു കൊടുക്കുകയാണെന്നും അവര്‍ക്ക് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പങ്കുവെക്കാനുള്ള ഇടമാണ് ത്രിതല പഞ്ചായത്തുകള്‍ നല്‍കിയതെന്നും പരിപാടിയില്‍ സംസാരിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. 97,20,000 രൂപ ചിലവില്‍ 5240 ചതുരശ്ര അടിയിലാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 20 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായി അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെട്ടിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്‍വശത്ത് നവീകരണം, പഴയ സ്റ്റെയര്‍ റൂം പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് ചെയ്ത് വിശാലമാക്കി നിര്‍മ്മിച്ച ഓഡിറ്റോറിയം, സ്റ്റേജ്, ഗ്രീന്‍ റൂം, റസ്റ്റ് റൂം, ഹാന്‍ഡ് വാഷ് ഏരിയ, വാട്ടര്‍ ടാങ്ക്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ശുചിമുറികള്‍, സൗണ്ട് സിസ്റ്റം, അക്വസ്റ്റിക് സീലിങ്, ഇലക്ട്രിക് ഫിറ്റിങുകള്‍ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. കൂടാതെ ഓഡിറ്റോറിയം സ്റ്റേജിന്റെ കര്‍ട്ടന്‍, ഓഫീസിന്റെ നെയിം ബോര്‍ഡ് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ പുറത്ത് നിന്നും ഓഡിറ്റോറിയത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സ്റ്റെയര്‍ കേസും ഇതോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ഓഡിറ്റോറിയം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ടി സിദ്ദീഖ് എംഎല്‍എ അദ്ധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *