മുന്‍കരുതല്‍ നടപടികള്‍ വിജയിച്ചു; വയനാട്ടില്‍ അപകട മരണങ്ങളില്ലാത്ത മഴക്കാലം
കല്‍പ്പറ്റ
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോള്‍ വയനാട് ജില്ലയില്‍ മഴ മൂലമുള്ള അപകട മരണങ്ങള്‍ പൂജ്യം. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും മാസങ്ങള്‍ നീണ്ട മുന്‍കരുതലുകളുടെയും ഇടപെടലുകളുടെയും ഫലമാണീ നേട്ടം.സംസ്ഥാനത്തിന്റെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ഹ്യൂം സെന്ററിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം സ്ഥാപിച്ച 140 മഴ മാപിനികള്‍ മുഖേന ദിനേനയുള്ള മഴയുടെ തോത് എടുത്താണ് മുന്‍കരുതല്‍ ശക്തിപ്പെടുത്തിയത്. വയനാട്ടില്‍ മാത്രമാണ് ഇത്രയും മഴ മാപിനികളുള്ളത്.
മൈക്രോ ഡാറ്റ വഴി മഴപെയ്ത്ത് കൂടുതല്‍ ലഭിച്ച പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞു അവിടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. അത്തരം പ്രദേശങ്ങള്‍ ഭൂകമ്പ സാധ്യത സ്ഥലം ആണെങ്കില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി.
വിവിധ മഴ മാപിനികള്‍ വഴി ശേഖരിക്കുന്ന ജില്ലയിലെ മഴയുടെ അളവ് dmsuite.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജനത്തിനും പ്രാപ്യമാക്കി. സംസ്ഥാനത്ത് വയനാട്ടില്‍ മാത്രമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ഇത്തരമൊരു വെബ്‌സൈറ്റ് ഉള്ളത്.
ഈ മഴക്കാലത്ത് ഇത്തരത്തില്‍ 227 കുടുംബങ്ങളെയാണ് അപകട സാധ്യത കണക്കിലെടുത്ത് 19 ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത്. സന്നദ്ധ സേവനത്തിനായി ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിലും 40 അംഗ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ (ഇആര്‍ടി) സന്നദ്ധമാക്കി നിര്‍ത്തിയിരുന്നു. സന്നദ്ധ സേന വളണ്ടിയര്‍മാര്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, കോളജ് വിദ്യാര്‍ത്ഥികള്‍, യുവതീ യുവാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇആര്‍ടിയ്ക്ക് മഴയ്ക്ക് മുമ്പ് തന്നെ ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും പരിശീലനം നല്‍കി. ജില്ലയിലെ 30-അംഗ എന്‍ഡിആര്‍എഫ് സേനയെ ഉപയോഗിച്ച് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ പരിശീലനവും നല്‍കി.
ജില്ലയിലെ ക്വാറികള്‍, മണ്ണൊലിപ്പ് സാധ്യതയുള്ള പ്രദേശങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ സൂക്ഷമമായി നിരീക്ഷിച്ചു. റെഡ്, ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചും ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചും ജാഗ്രത പുലര്‍ത്തി.
കോഴിക്കോട്, കണ്ണൂര്‍ അതിര്‍ത്തികളിലെ ചുരങ്ങളിലെ അവസ്ഥ കൃത്യമായി നിരീക്ഷിക്കാന്‍ അയല്‍ ജില്ലകളിലെ ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് ആ ജില്ലാ കേന്ദ്രങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുമ്പ് കര്‍ണാടക ബീച്ചനഹള്ളി അണക്കെട്ട് അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി ജലത്തിന്റെ സുഗമവും അപകടരഹിതവുമായ ഒഴുക്ക് ഉറപ്പാക്കി. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ മാസത്തില്‍ തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മഴ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിച്ചും മരങ്ങള്‍ മുറിച്ചുമാറ്റിയും ഓടകള്‍ വൃത്തിയാക്കിയും നിതാന്ത ജാഗ്രത പുലര്‍ത്തി. ആഴ്ച്ചയില്‍ ഒന്ന് എന്ന രീതിയില്‍ യോഗങ്ങള്‍ ചേര്‍ന്ന് അവലോകനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, കൃഷി, കെഎസ്ഇബി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, മണ്ണ് സംരക്ഷണം, പോലീസ്, അഗ്‌നിരക്ഷാ സേന, വനം-വന്യജീവി, ജല വിഭവം, അണക്കെട്ട് സുരക്ഷാ അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മുഖാന്തിരം നിരന്തര ഇടപെടലുകള്‍ നടത്തി. കളക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യനിര്‍വഹ കേന്ദ്രം (ഡിഇഒസി) 24×7 പ്രവര്‍ത്തിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി.





Leave a Reply