കൃഷിക്കും വാസത്തിനുമുള്ള ഭൂമിക്കായി നടത്തുന്ന രണ്ടാം ഘട്ടം ഭൂസരം ഇനിയും തീരമണഞ്ഞില്ല
കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസികള്‍ കൃഷിക്കും വാസത്തിനുമുള്ള ഭൂമിക്കായി നടത്തുന്ന രണ്ടാം ഘട്ടം ഭൂസരം ഇനിയും തീരമണഞ്ഞില്ല. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയും(എകെഎസ്)ബിജെപിയും കോണ്‍ഗ്രസും അടക്കം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കീഴിലുള്ള പട്ടികവര്‍ഗ സംഘടനകളും 2012 മെയ്, ജൂണ്‍ മാസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയില്‍ വെവ്വേറെ ആരംഭിച്ച സമരമാണ് അനിശ്ചിതമായി നീളുന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിനു ലഭിക്കാത്തതാണ് സമരകേന്ദ്രങ്ങളിലെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈവശരേഖ നല്‍കുന്നതിനു തടസമെന്നാണ് എകെഎസ് നേതാക്കള്‍ പറയുന്നത്.
എകെഎസിന്റെ ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാടു കൈയേറിയ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എകെഎസ് ആഹ്വാനം ചെയ്ത രണ്ടാംഘട്ട സമരത്തില്‍ നൂറുകണക്കിനു പട്ടികവര്‍ഗ കുടുംബങ്ങളാണ് പങ്കാളികളായത്. എകെഎസ് ഭൂസമരം തുടങ്ങിയ സാഹചര്യത്തിലാണ് ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം എന്നിവ വനഭൂമി കൈയേറ്റത്തിനു നേതൃത്വം നല്‍കിയത്.
സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം, ചീയമ്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയല്‍, ചൂണ്ടേല്‍ ആനപ്പാറ, മേപ്പാടി കുന്നമ്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഇത്രയും സ്ഥലങ്ങളിലായി ഏകദേശം 600 ഏക്കര്‍ വനഭൂമിയാണ് ആദിവാസികളുടെ ‘കൈവശത്തില്‍’. മൂന്നാനക്കുഴി, ചീയമ്പം സമരകേന്ദ്രങ്ങളിലാണ് കൂടുതല്‍ ആദിവാസി കുടുംബങ്ങളുള്ളത്. ചീയമ്പം കേന്ദ്രത്തില്‍ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിലെ 200 ഓളം കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി, പേരിയ, ബേഗൂര്‍ റേഞ്ചുകളിലായി 332 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയാണ് ആദിവാസി കുടുംബങ്ങള്‍ കൈയേറിയത്. ഡിവിഷനില്‍ വിവിവിധ കേന്ദ്രങ്ങളിലായി 1500 ഓളം ആദിവാസികള്‍ സമരമുഖത്തുണ്ട്. സമരകേന്ദ്രങ്ങളില്‍ 16 എണ്ണം എകെഎസ് നിയന്ത്രണത്തിലാണ്. സമരം ചെയ്യുന്ന കുടുംബങ്ങളുടെ യഥാര്‍ഥ എണ്ണം എത്രയെന്നതില്‍ നിലവില്‍ പട്ടികവര്‍ഗ സംഘടനകള്‍ക്കും വനം അധികാരികള്‍ക്കും വ്യക്തതയില്ല. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഭൂസമരം ചെയ്യുന്ന കുടുംബങ്ങളില്‍ അധികവും.
കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 1,287 കുടിലുകള്‍ വനപാലകര്‍ പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്തു. റിമാന്‍ഡിലായ ആദിവാസികള്‍ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളില്‍ തിരിച്ചെത്തുകയാണുണ്ടായത്.
ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കി. കൈയേറ്റക്കാരെ നേരിടാന്‍ വനം വകുപ്പ് പിന്നീട് തുനിഞ്ഞില്ല. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയിലുള്ളതാണ് സമരകേന്ദ്രങ്ങളായി മാറിയ വനപ്രദേശങ്ങളില്‍ പലതും.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട പാമ്പ്ര മരിയനാടില്‍ വനം വികസന കോര്‍പറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തില്‍ 400ല്‍പരം പട്ടികവര്‍ഗ കുടുംബങ്ങളുടെ സമരം തുടരുകയാണ്. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമിക്കായി കാത്തുമടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടില്‍ സമരരംഗത്ത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭൂരഹിത പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളാണ് കാപ്പിത്തോട്ടത്തില്‍ കുടില്‍കെട്ടി താമസമാക്കിയ കുടുംബങ്ങളില്‍ ഏറെയും. ഇരുളം ഭൂസമര സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. 2022 മെയ് 31നു ആരംഭിച്ചതാണ് സമരം.
233 ഹെക്ടര്‍ വരുന്നതാണ് മരിയനാട് കാപ്പിത്തോട്ടം. ഇതില്‍ 135 ഹെക്ടര്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നേരത്തേ സമരം ചെയ്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ബാക്കി 98 ഹെക്ടറിലാണ് പിന്നീട് കുടില്‍കെട്ടല്‍ നടന്നത്.
മുത്തങ്ങ ഭൂസമരത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ആദിവാസി പുനരധിവാസത്തിന് കൈമാറിയ 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ ഉള്‍പ്പെട്ടതാണ് മരിയനാട് തോട്ടം. ‘ആദിവാസി പുനരധിവാസത്തിന് മാറ്റിവച്ച ഭൂമി’ എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വനം വികസന കോര്‍പറേഷന്റെ തൊഴിലാളികളായിരുന്ന ചിലരും തോട്ടത്തില്‍ താമസമുണ്ട്.
ഒരു ഏക്കര്‍ വീതം 200 ഓളം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനു പര്യാപ്തമായ ഭൂമി മരിയനാട് തോട്ടത്തിലുണ്ട്. ആനുകൂല്യങ്ങള്‍ നല്‍കി തൊഴിലാളികളെ ഒഴിവാക്കിയശേഷം ഭൂമി അളന്നുതിരിച്ചു അര്‍ഹരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു നല്‍കണമെന്നാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ആദിവാസി സംഘടനകളുടെ ആവശ്യം.
മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തതില്‍ 15 കുടുംബങ്ങള്‍ക്ക് മരിയനാട് തോട്ടത്തില്‍ ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇതനുസരിച്ച് ഭൂമി അളന്നുതിരിക്കുന്നതിന് ഈയിടെ മരിയനാട് എത്തിയ റവന്യു ഉദ്യോഗസ്ഥരെ സമരരംഗത്തുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സമരം ചെയ്യുന്ന കുടുംബങ്ങള്‍ക്കും ഭൂമി പതിച്ചുനല്‍കുന്നതിന് നടപടി ആവശ്യപ്പെട്ടായിരുന്നു സംയുക്ത സമരസമിതിയുടെ ഇടപെടല്‍.





Leave a Reply