ശല്യക്കാരായ മരങ്ങള്‍ പുല്‍പ്പള്ളിയില്‍ പടിക്ക് പുറത്ത്
പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് ശല്യമായി വളര്‍ന്നുനിന്ന മരങ്ങള്‍ വെട്ടിമാറ്റി. റോഡുകള്‍ വികസിക്കുന്നതിനു മുമ്പ് തണല്‍ വൃക്ഷങ്ങളായി നട്ടുപിടിപ്പിച്ച പല മരങ്ങളും റോഡുകള്‍ വീതി കൂടിയതോടെ റോഡിനോട് വളരെ ചേര്‍ന്ന് അപകടകരമാംവിധം വളര്‍ന്നു നിന്നതിനാലാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് വെട്ടി മാറ്റുവാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ ട്രീ കമ്മിറ്റിയാണ് ഈ ശല്യക്കാരായ മരങ്ങള്‍ വെട്ടി മാറ്റുവാന്‍ തീരുമാനമെടുത്തത്.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .എസ് .ദിലീപ് കുമാറിന് പുറമേ, വനംവകുപ്പ് റേഞ്ച് ഓഫീസര്‍,നടവയല്‍, പുല്‍പ്പള്ളി, പാടിച്ചിറ വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അടങ്ങിയതാണ് ട്രീ കമ്മിറ്റി . പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ – ചീയമ്പം ഷെഡ് (തേക്ക് ), കളനാടികൊല്ലി (തേക്ക് ), കേളക്കവല (ആല്‍മരം), എരിയപള്ളി (തേക്ക് ), പുല്‍പ്പള്ളി താഴെയങ്ങാടി (വാകമരം), മാരപ്പന്മൂല (ആല്‍മരം), പുല്‍പ്പള്ളി എല്‍പി സ്കൂള്‍ ഗ്രൗണ്ടിലെ വിവിധ മരങ്ങള്‍ എന്നിവയ്ക്ക് പുറമേ ചേകാടി റോഡില്‍ യാത്രക്കാര്‍ക്ക് അപകടകരമാം വിധം വളര്‍ന്നുനിന്ന ഏഴു മരങ്ങളുമാണ് മുറിച്ചുമാറ്റിയത്. ഇവയ്ക്ക് പുറമേ സാന്ദീ പനിക്ക് സമീപമുള്ള തേക്കുമരം, മിറ്റത്താനി കവലയിലെ വാകമരം, ചേകാടി റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന 21 മരങ്ങളും വെട്ടുവാന്‍ തീരുമാനമെടുത്തിട്ടുണ്ട്. റോഡിലേക്ക് വളര്‍ന്നുനിന്ന ഈ മരങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രദേശവാസികള്‍ നിരവധി തവണ ഈ മരങ്ങള്‍ വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര് മുന്‍കൈയെടുത്തതിനാലാണ് ഇപ്പോള്‍ ഈ മരങ്ങള്‍ വെട്ടി മാറ്റുവാന്‍ സാധിച്ചത്. ഇത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി.





Leave a Reply