August 20, 2026

സുഗന്ധഗിരിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

0
site-psd-602
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി പുനരധിവാസ മേഖലയില്‍ താമസിക്കുന്ന ഏഴു കുടുംബങ്ങള്‍ക്ക് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനായുള്ള സാക്ഷ്യപത്രം നല്‍കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളില്‍ പി.എം ജന്‍മന്‍ പദ്ധതിയില്‍ ഗുണഭോക്താക്കളായവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വനം വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമായിരുന്നു.

ഇത് പരിഹരിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വനം – റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ മേഖലയില്‍ സംയുക്ത പരിശോധന നടത്തി ഗുണഭോക്താക്കള്‍ക്ക് അടിയന്തരമായി എന്‍.ഒ.സി നല്‍കാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

സുഗന്ധഗിരി മേഖലയിലെ 398 ഗോത്ര കുടുംബങ്ങള്‍ക്കാണ് വനം വകുപ്പ് ഇതുവരെ ഭൂമി കൈമാറിയിട്ടുള്ളത്. സുഗന്ധഗിരി പുനരധിവാസ മേഖലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിന് 1.5 കോടിയുടെ ഭരണാനുമതി ലഭിച്ചു. കെട്ടിടത്തിന്റെ ആര്‍ക്കിടെക്ച്ചറല്‍ പ്ലാനും സ്ട്രക്ച്ചറല്‍ ഡിസൈനും തയ്യാറായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ബാണാസുര കുതിരപാണ്ടി റോഡിന് പകരമായി കെ.എസ്.ഇ.ബി, റവന്യൂ ഭൂമിയിലൂടെ അനുവദിച്ച പുതിയ റോഡ് സഞ്ചാര യോഗ്യമാക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തെ നിര്‍വഹണ ഏജന്‍സിയായി എസ്റ്റിമേറ്റ് തയ്യാറാക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി.

ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയില്‍ കാര്‍ഷിക വിളകള്‍ സുലഭമാകുന്നതോടെ വന്യമൃഗ സംഘര്‍ഷം രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയില്‍ നടപ്പാക്കുന്ന ഫെന്‍സിങ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി വനം വകുപ്പ് അധികൃതര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ആയിരം കോടിയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കൈനാട്ടി ജങ്ഷനിലെ സിഗ്നല്‍ പോയിന്റ് അടിയന്തിരമായി പുനഃസ്ഥാപിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 2021 കാലഘട്ടത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

മഴക്കാലങ്ങളില്‍ സ്ഥിരമായി വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പരിശോധന നടത്തി 763 കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയതായി പ്രോജക്ട് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് താമസയോഗ്യമായ സ്ഥലം കണ്ടെത്താന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാത നിര്‍മ്മാണത്തിന്റെ സാധ്യതാ പഠനത്തിന് 1.50 കോടിയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വയനാട്, കോഴിക്കോട് ജില്ലകളുടെ ജി.പി.എസ് സര്‍വ്വെ, മണ്ണ് പരിശോധന, ലീഡര്‍ ഡ്രോണ്‍ സര്‍വ്വെ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ചുരം ബദല്‍ പാതയില്‍ തളിപ്പുഴ-മരുതിലാവ് ചിപ്പിലിത്തോട് റോഡ് നിര്‍മ്മാണത്തില്‍ ദേശീയപാത 766 നാലു വരി പാതയാക്കാനുള്ള സാധ്യതാ പഠനം നടക്കുന്നതായി ദേശീയ ഹൈവെ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 14.34 കിലോമീറ്റര്‍ നീളത്തില്‍ വരുന്ന ചുരം ബദല്‍ പാതയില്‍ 8.94 കിലോമീറ്റര്‍ വന ഭൂമിയാണ്. 16.85 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുത്ത് റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കൂ എന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയായ ചീപ്രംകുന്ന് ഉന്നതിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ജലസേചന വകുപ്പില്‍ നിന്നും അനുമതി ലഭിച്ചതായും ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ട്രൈബല്‍ ഡെവലപ്മെന്റ് കമ്മിറ്റിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന വയനാട് ഉത്സവിന്റെ ലോഗോയും ജില്ലാ വികസന സമിതി യോഗത്തില്‍ പ്രകാശനം ചെയ്തു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ ടി സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍-ചാര്‍ജ് കെ.എസ് ശ്രീജിത്ത്, ജില്ലാ തല വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *