May 6, 2026

കേന്ദ്ര അവഗണന പഞ്ചായത്തുകളില്‍ 22 മുതല്‍ എല്‍ഡിഎഫ് ധര്‍ണ

0
site-psd-227
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് 22 മുതല്‍ 27വരെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്താന്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം വയനാടന്‍ ജനതയോട് സ്വീകരിക്കുന്നത്. യോഗത്തില്‍ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി രാജന്‍ അധ്യക്ഷനായി. കെ റഫീഖ്, ഇ ജെ ബാബു, കെ ജെ ദേവസ്യ, എ പി അഹമ്മദ്, സണ്ണിമാത്യു, കുര്യാക്കോസ് മുള്ളന്‍മാട, സി എം ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് മുണ്ടക്കൈയില്‍ ഉണ്ടായത്. പ്രധാനമന്ത്രി നേരിട്ടെത്തി വലിയ വാഗ്ദാനം നല്‍കുകയും പിന്നീട് വഞ്ചനാപരമായ സമീപനം സ്വീകരിക്കുകയുമാണുണ്ടായത്.
സര്‍വതും നഷ്ടമായ ജനതയെ തീര്‍ത്തും അവഗണിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട അര്‍ഹിക്കുന്ന സഹായംപോലും നിഷേധിച്ചു. കോടതിയുടെ പഴികേട്ടതിനെ തുടര്‍ന്ന് കുറച്ചുതുക തിരിച്ചടയ്‌ക്കേണ്ട വായ്പയായി നല്‍കുകയാണ് ചെയ്തത്. ദുരന്തത്തെ എല്‍ 3 (അതിതീവ്ര ദുരന്തം) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആദ്യം അനുവദിച്ചില്ല. യഥാസമയം ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെയും മറ്റുരാജ്യങ്ങളില്‍നിന്നുള്ള സഹായം വയനാടിന് ലഭിക്കുമായിരുന്നു. അഞ്ച് മാസത്തിനുശേഷമാണ് അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചത്. അതിനാല്‍ സഹായം ലഭിച്ചില്ല. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ന്യായമായ ആവശ്യം അംഗീകരിച്ചില്ല.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. എന്നിട്ടും മനുഷ്യത്വമില്ല. വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കം ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനാണ് ഇൗ നീക്കം. കേരളത്തില്‍ തദ്ദേശത്തിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താന്‍ പോകുമ്പോള്‍ ധൃതിപിടിച്ചുള്ള എസ്‌ഐആര്‍ നീക്കം അംഗീകരിക്കാനാവില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *