ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം

കല്‍പ്പറ്റ: വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേള ഇന്നു മുതല്‍ 15 വരെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എ.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടത്തും.98 ഇനങ്ങളില്‍ ആയിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും.1.30 ന് മത്സരങ്ങള്‍ തുടങ്ങും. 100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, പോള്‍ വാള്‍ട്ട്,ഡിസ്‌കസ് ത്രോ,ഹര്‍ഡില്‍സ്, ഷോട്ട്പുട്ട് മത്സരങ്ങള്‍ ആദ്യദിവസം നടത്തും. നാളെ രാവിലെ എട്ടിന് നടത്ത മത്സരം ആരംഭിക്കും. ഒമ്പതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറകര്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്, ദീപശിഖ പ്രയാണം എന്നിവ നടക്കും.
അധ്യാപകര്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. ഇന്ന് രാവിലെ 10.30ന് രജിസ്ട്രഷന്‍ ആരംഭിച്ചു.പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി. മണി, തരിയോട് പഞ്ചായത്ത് അംഗം വിജയന്‍ തോട്ടുങ്കല്‍, പഞ്ചായത്ത് അംഗവും എംപിടിഎ പ്രസിഡന്റമായ സുന നവീന്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് വാകേരി, തരിയോട് ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ബെന്നി മാത്യു, എസ്എംസി ചെയര്‍മാന്‍ വി. മുസ്തഫ, പ്രിന്‍സിപ്പല്‍ എം. രാധിക, ഹെഡ്മിസ്ട്രസ് ഉഷ കനിയില്‍, പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ എന്‍.പി. മാത്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഉപജില്ലാ മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കായികതാരങ്ങളാണ് ജില്ലാതലത്തില്‍ മാറ്റരയ്ക്കുക. 11ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്ന് പുതിയ സ്റ്റാന്‍ഡിലേക്ക് വിളംബര റാലി നടത്തും.
മേള ഉദ്ഘാടനം 11ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഓട്ടം, ചാട്ടം, ഡിസ്‌കസ് ത്രോ, ഹര്‍ഡില്‍സ്, ഷോട്ട്പുട്ട്, ഹാമര്‍ ത്രോ മത്സരങ്ങള്‍ രണ്ടാംദിവസം നടക്കും. 15ന് രാവിലെ 7.30ന് കരിങ്കുറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു മുണ്ടേരി സ്‌കൂള് ഗ്രൗണ്ടിലേക്ക് ക്രോസ് കണ്‍ട്രി മത്സരം നടക്കും. മേളയുടെ മൂന്നാം ദിനമാണ് അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍.റിലേ ആണ് അവസാന മത്സര ഇനം. സമാപനസമ്മേളനം വൈകുന്നേരം നാലിന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും.
Leave a Reply