ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് – മുന്നണികള്‍ ചര്‍ച്ചകള്‍ തുടങ്ങി
പുല്‍പ്പള്ളി:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുക്കമായി മുന്നണികള്‍ ചര്‍ച്ചകള്‍ തുടങ്ങി. പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഇടതു -വലതു മുന്നണികളും ബി.ജെ.പി.യുമാണ് ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. വാര്‍ഡുകള്‍, ഡിവിഷനുകള്‍ എന്നിവയിലെ സംവരണം സംബന്ധിച്ച നറുക്കെടുപ്പ് പൂര്‍ത്തിയായതോടെയാണ് മുന്നണികള്‍ അതിവേഗ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ മുന്നണികളുടെ നേതൃത്വ യോഗം ചേര്‍ന്നു. ഇതില്‍ ഏറ്റവും മുന്നിലെത്തിയിരിക്കുന്നത് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ യു .ഡി.എഫ് മുന്നണിയാണ്.
മുന്നണിയിലെ ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തങ്ങള്‍ക്ക് മുന്നണി അനുവദിച്ച വാര്‍ഡില്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത് .ഇരു പഞ്ചായത്തിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണ് പ്രശ്‌നം. പുല്‍പ്പള്ളിയില്‍ കെ.എല്‍ പൗലോസ് കെ പി സി സി ജനറല്‍ സെക്രട്ടറി ആവുകയും എതിര്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്ന കെ കെ അബ്രഹാം പുല്‍പ്പള്ളി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാണ്ട് പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തതോടെ ഇവിടെ നിലവില്‍ പാര്‍ട്ടിയില്‍ ഒരൊറ്റ ഗ്രൂപ്പായി .എന്നാല്‍ കെ.കെ യെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്.
പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ എങ്കിലും തങ്ങള്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുവാന്‍ ഈ വിഭാഗത്തിനാവും. പുല്‍പ്പള്ളിയില്‍ ഇടതുമുന്നണിയുടെ വിജയ സാധ്യത തള്ളിക്കളയാന്‍ ആവില്ല . ഇവിടെ സി.പി.എം നേരിടുന്ന പ്രധാന പ്രശ്‌നം സി.പി.ഐ ആണ് . പഞ്ചായത്തില്‍ വലിയ സ്വാധീനം ഒന്നുമില്ലെങ്കിലും മത്സരിക്കുന്ന വാര്‍ഡുകളില്‍ (ഇവര്‍ മത്സരിച്ച് സ്ഥിരമായി തോല്‍ക്കുന്ന വാര്‍ഡുകള്‍ )സി.പി.എമ്മിന് വിജയസാധ്യതയുണ്ടെങ്കിലും തങ്ങളുടെ കൈവശമുള്ള സീറ്റുകള്‍ വിട്ടുകൊടുക്കുവാന്‍ ഇവര്‍ തയ്യാറല്ല. ഇതാണ് പുല്‍പ്പള്ളിയില്‍ ഇട തുമുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം. കഴിഞ്ഞ പുല്‍പ്പള്ളി പഞ്ചായത്ത് യു.ഡി.എഫ് നേതൃത്വം നല്‍കിയ ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടിയുടെ അയഞ്ഞ നിലപാട്, കടമാന്‍തോട് പദ്ധതി,വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തത്, തകര്‍ന്നടിഞ്ഞ പുല്‍പ്പള്ളി – സുല്‍ത്താന്‍ബത്തേരി – റോഡ് ഇവയെല്ലാം സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നു. മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയതായി കാണുന്നില്ല .എങ്കിലും പി.ഡി.സജി നേതൃത്വം നല്‍കുന്ന ഗ്രൂപ്പും കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയംക്കാവില്‍ (കെ.എല്‍ .പി .ഗ്രൂപ്പ് ) ഗ്രൂപ്പും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ എത്രമാത്രം ബാധിക്കുമെന്ന് കണ്ടറിയണം. മുള്ളന്‍കൊല്ലിയില്‍ എല്‍.ഡി.എഫില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല .എന്നാല്‍ പാര്‍ട്ടിക്ക് പഞ്ചായത്തില്‍ കാര്യമായ സ്വാധീനമില്ലാത്തതാണ് ഇവിടുത്തെ പ്രശ്‌നം. എന്നാല്‍ സി.പി.എമ്മില്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്ന ഒരു യുവനിര ഇവിടെയുണ്ട്. പൂതാടിയില്‍ യു.ഡി.എഫില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. പതിവുപോലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിയുമ്പോള്‍ സ്ഥാന മോഹികള്‍ ടിക്കറ്റ് കിട്ടാത്തതില്‍ ഉയര്‍ത്തുന്ന പ്രതിഷേധം എത്ര ഉണ്ടാകുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. ഇവിടെ സി.പി.എം. നേരിടുന്ന പ്രധാന പ്രശ്‌നം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എ.വി. ജയനുമായി ബന്ധപ്പെട്ടതാണ്. ഇതുവരെ പാര്‍ട്ടിയിലും മാധ്യമങ്ങള്‍ക്കും മുന്നിലും വിശദീകരിച്ച പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇത് വിശദീകരിക്കേണ്ടിവരും. ഇതും പ്രശ്‌നമാണ്. ഈ മൂന്നു പഞ്ചായത്തുകളിലും ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകള്‍ ഇത്തവണ തെറ്റിക്കുന്നത് ബി.ജെ.പി. ആയിരിക്കും ചിലപ്പോള്‍ അപ്രതീക്ഷിതമായ മുന്നേറ്റം ഇത്തവണ ബി.ജെ.പി.ക്ക് നടത്താനായേക്കും. ഈ മൂന്നു പഞ്ചായത്തിലും ജനകീയ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ സജീവമായ ഇടപെടലുകളാണ് പാര്‍ട്ടിയുടെ ജനസമ്മതി വര്‍ധിപ്പിക്കുന്നത്. പുല്‍പ്പള്ളിയില്‍ കടമാന്‍തോട് പദ്ധതി, മുള്ളന്‍കൊല്ലിയില്‍ ബൈരകുപ്പ പാലം, പെരിക്കല്ലൂര്‍ -പുല്‍പ്പള്ളി – സുല്‍ത്താന്‍ബത്തേരി റോഡിന്റെ ശോച്യാവസ്ഥ, മേഖലയില്‍ രൂക്ഷമായ വന്യമൃഗ ശല്യം ഇവയിലൊക്കെ ബി.ജെ.പി. ശക്തമായി രംഗത്ത് ഉണ്ടായിരുന്നത് എത്രമാത്രം വോട്ടായി മാറുന്നുവോ അത്രയും പാര്‍ട്ടിക്ക് നേട്ടം ഉണ്ടാകും. മേഖലയില്‍ ശക്തമായി ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗം ബി.ജെ.പി.യുമായി വളരെ അടുത്ത. ബന്ധത്തിലാണ് .ഇതും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അനുകൂലമായേക്കാം.





Leave a Reply