വയനാട്ടിലെ കടുവ ഭീതി
കല്‍പ്പറ്റ: വയനാട്ടില്‍ ഒരു ദശാബ്ദത്തിനിടെ കടുവ കൊന്നത് ഒമ്പതു പേരെ. ഏറ്റവും ഒടുവിലെ ഇരയാണ് ശനിയാഴ്ച ഉച്ചയോടെ കടുവ കൊലപ്പെടുത്തിയ പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന്‍. വണ്ടിക്കടവ് വനത്തില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് കൂമനെ കടുവ പിടിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ കടുവ ആക്രമണത്തില്‍ മാനന്തവാടി പഞ്ചാരക്കൊല്ലി താറാട്ട് ഉന്നതിയിലെ രാധ കൊല്ലപ്പെട്ടിരുന്നു. കാപ്പി വിളവെടുപ്പിന് പഞ്ചാരക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 45 കാരിയായ രാധ കടുവ ആക്രമണത്തിന് ഇരയായത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റേഞ്ചില്‍ തലപ്പുഴ സെക്ഷന്‍ പരിധിയിലാണ് പഞ്ചാരക്കൊല്ലി.
2024ല്‍ ജില്ലയില്‍ രണ്ടുപേരുടെ ജീവനാണ് കടുവ എടുത്തത്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്ന് പള്ളിപ്പുറം തോമസ്(സാലു50), തെക്കേ വയനാട്ടിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ്(36)എന്നിവരാണ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ജനുവരി 11നാണ് തോമസിനെ കടുവ ആക്രമിച്ചത്. ഡിസംബര്‍ ഒമ്പതിന് പകല്‍ കൃഷിയിടത്തിലായിരുന്നു പ്രജീഷിന്റെ ദാരുണാന്ത്യം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെടുന്ന പ്രദേശമാണ് മൂടക്കൊല്ലി കൂടല്ലൂര്‍.2015 ഫെബ്രുവരിയില്‍ വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പ്പെട്ട നൂല്‍പ്പുഴ പുത്തൂര്‍കൊല്ലിയില്‍ 62 കാരന്‍ ഭാസ്‌കരനെ കടുവ കൊലപ്പെടുത്തി. വനത്തില്‍ വിറകിനു പോയപ്പോഴാണ് ഭാസ്‌കരനെ കടുവ പിടിച്ചത്. അതേവര്‍ഷം ജൂണില്‍ വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തില്‍ ആദിവാസി യുവാവ് ബാബുരാജിനെ(24)കടുവ കൊന്നു. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ബാബുരാജ് കടുവയ്ക്കുമുമ്പില്‍പ്പെട്ടത്. വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട കക്കേരി ഉന്നതിയിലെ ബസവയാണ് അക്കൊല്ലം കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നാമന്‍.
2019 ഡിസംബറിലായിരുന്നു കടുവ ആക്രമണത്തില്‍ മറ്റൊരു മരണം. വടക്കനാട് പച്ചാടി ഉന്നതിയിലെ ജഡയനെയാണ്(58)കടുവ പിടിച്ചത്. വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലാണ് ഈ പ്രദേശം. വീടിനടുത്ത് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു ജഡയന്‍. കാര്യമ്പാതി ബസന്‍വന്‍കൊല്ലിയിലെ ശിവകുമാറായിരുന്നു(24) കടുവയുടെ അടുത്ത ഇര. 2020 ജൂണ്‍ 17നാണ് ശിവകുമാര്‍ കൊല്ലപ്പെട്ടത്. അടുത്തിടെ പനമരത്തിനു സമീപം പച്ചിലക്കാട്, ചീക്കല്ലൂര്‍ പ്രദേശങ്ങളില്‍ കടുവ ഇറങ്ങിയിരുന്നു. രണ്ടു ദിവസം നാട്ടുകാരെയും വനംപോലീസ് സേനാംഗങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയ കടുവ സ്വയം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതങ്ങളുമായി അതിരുടുന്ന ഭൂപ്രദേശമാണ് വയനാട്.





Leave a Reply