April 25, 2026

നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍

0
IMG_20251223_184807
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അധികാരികള്‍ സത്വര ഇടപെടല്‍ നടത്തണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍. രാജേഷ്, മറ്റു ഭാരവാഹികളായ റോബിന്‍ ആന്റണി, വാസുദേവന്‍, സക്കീര്‍ മണിച്ചിറ, ഇബ്രാഹിം ഏര്‍പ്പാടി, അബു താഹിര്‍, അബ്ദുള്‍ സലാം, പി.സി. സോജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രണ്ടുമാസം മുമ്പ് ജില്ലയിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക ഉടമകളുടെ കൂട്ടായ്മ ഗണ്യമായി വര്‍ധിപ്പിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യന്ത്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ തടയുകയുമുണ്ടായി. ഇതുമൂലം സ്വന്തമായും കരാര്‍ നല്‍കിയും പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കുണ്ടായ ബുദ്ധിമുട്ട് ജില്ലാ കളക്ടര്‍, ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെ അധികാരികളെ അസോസിയേഷന്‍ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ക്വാറി നടത്തിപ്പുകാര്‍ കല്ല്, മണല്‍ എന്നിവയുടെ വില അടിക്ക് ആറു മുതല്‍ 10 വരെ രൂപ വര്‍ധിപ്പിച്ചിരിക്കയാണ്. ഈ സാഹചര്യം ഉപജീവനത്തിനു നിര്‍മാണ മേഖലയെ ആശ്രയിക്കുന്നവരെ ഗതികേടിലാക്കുകയാണ്.

അത്യാവശ്യമല്ലാത്ത പ്രവൃത്തികള്‍ നടത്താന്‍ ആളുകള്‍ തയാറാകുന്നില്ല. നിര്‍മാണ സാമഗ്രികളുടെ അമിത വില സാധാരണക്കാര്‍ക്ക് ഭവന നിര്‍മാണം നടത്താന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കിയിരിക്കയാണ്. നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കുക, മണ്ണുമാന്തി യന്ത്രം ഉടമകളുടെ ചൂഷണത്തിനു തടയിടുക, ഇതര സ്ഥലങ്ങളില്‍നിന്നു ജില്ലയില്‍ വില്‍പ്പനയ്ക്കു എത്തിക്കുന്ന കല്ല്, മണല്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ ശക്തമായ സമരത്തിന് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *