വയനാട്ടില്‍ ത്രിതല പഞ്ചായത്ത് സാരഥികള്‍ ചുമതലയേറ്റു
കല്‍പ്പറ്റ: ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ ഇന്നലെ രാവിലെ 10.30ന് ഭരണസമിതി യോഗം ചേര്‍ന്ന് പ്രസിഡന്റുമാരെയും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിനുപുറമേ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും 23 പഞ്ചായത്തുകളിലുമായിരുന്നു തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുസ്‌ലിം ലീഗിലെ ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്(പട്ടികവര്‍ഗ വനിതാ സംവരണം) പ്രസിഡന്റായി മീനാക്ഷി രാമനെയും(കോണ്‍ഗ്രസ്)വൈസ് പ്രസിഡന്റായി സി.പി. മൊയ്തീന്‍ ഹാജിയെയും(മുസ്‌ലിം ലീഗ്) തെരഞ്ഞെടുത്തു. മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും-കല്‍പ്പറ്റ: കെ.കെ. ഹനീഫ(മുസ്‌ലിംലീഗ്), ജിന്‍സി സണ്ണി(കോണ്‍ഗ്രസ്). പനമരം: ടി.എസ്. ദിലീപ്കുമാര്‍(കോണ്‍ഗ്രസ്), റഷീന സുബൈര്‍(മുസ്‌ലിംലീഗ്). ബത്തേരി: പ്രസന്ന ശശീന്ദ്രന്‍(കോണ്‍ഗ്രസ്), ടി. അവറാന്‍(മുസ്‌ലിം ലീഗ്).
ജില്ലാ പഞ്ചായത്തില്‍ വരണാധികാരി സബ് കളക്ടര്‍ അതുല്‍ സാഗര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് വൈത്തിരി ഡിവിഷനില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം ചന്ദ്രിക കൃഷ്ണന്റെ പേര് മേപ്പാടി ഡിവിഷന്‍ മെംബര്‍ ടി. ഹംസ നിര്‍ദേശിച്ചു. എടവക ഡിവിഷന്‍ മെംബര്‍ ജില്‍സണ്‍ തൂപ്പുംകര പിന്താങ്ങി. മീനങ്ങാടി ഡിവിഷന്‍ മെംബര്‍ ബീന വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. അവരുടെ പേര് തിരുനെല്ലി ഡിവിഷന്‍ അംഗം കെ.ആര്‍. ജിതിന്‍ നിര്‍ദേശിച്ചു. രണ്ടിനെതിരേ 15 വോട്ടിനായിരുന്നു ചന്ദ്രിക കൃഷ്ണന്റെ വിജയം. വൈസ് പ്രസിഡന്റായി മുസ്‌ലിംലീഗിലെ ടി. ഹംസയെ എതിരില്ലാതെയാണ് തെരെഞ്ഞെടുത്തത്. ഹംസയുടെ പേര് ജില്‍സണ്‍ തൂപ്പുംകര നിര്‍ദേശിച്ചു. വെള്ളമുണ്ട ഡിവിഷന്‍ അംഗം സല്‍മ മോയിന്‍ പിന്താങ്ങി. 17 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് രണ്ട് പ്രതിനിധികളാണുള്ളത്.
പനമരം ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റായി പുല്‍പ്പള്ളി ഡിവിഷനില്‍നിന്നുള്ള ടി.എസ്. ദിലീപ്കുമാറിനെ പാടിച്ചിറ ഡിവിഷനില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍ നിര്‍ദേശിച്ചു. മുസ്‌ലിംലീഗിലെ റഷീന സുബൈര്‍ പിന്താങ്ങി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷീനയുടെ പേര് ടി.എസ്. ദിലീപ്കുമാര്‍ നിര്‍ദേശിച്ചു. സി.എച്ച്. ഫസല്‍ പിന്താങ്ങി. മുഴുവന്‍ വോട്ടും(15) നേടിയായിരുന്നു യുഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ വിജയം.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി ഡപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍)സി. ഗീത തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മീനാക്ഷി രാമന്റെ പേര് അതേ പാര്‍ട്ടിയിലെ ഉഷ വിജയന്‍ നിര്‍ദേശിച്ചു. മുസ്‌ലിംലീഗിലെ കേളോത്ത് അബ്ദുള്ള പിന്താങ്ങി. സിപിഎമ്മിലെ സി.ആര്‍. ഷീല എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. മീനാക്ഷിക്ക് 10 ഉം ഷീലയ്ക്ക് നാലും വോട്ട് ലഭിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിലെ സി.പി. മൊയ്തീന്‍ ഹാജിയുടെ പേര് മീനാക്ഷി രാമന്‍ നിര്‍ദേശിച്ചു. മുസ്‌ലിം ലീഗിലെ ആസ്യ മൊയ്തു പിന്താങ്ങി. സിപിഎമ്മിലെ ബെന്നി ആന്റണി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. അദ്ദേഹത്തിന്റെ പേര് സി.ആര്‍. സീത നിര്‍ദേശിച്ചു. വസന്തകൃഷ്ണന്‍ പിന്താങ്ങി. നാലിനെതിരേ 10 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം. 14 ഡിവിഷനുകളാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.കെ. ഹനീഫയുടെ പേര് കോണ്‍ഗ്രസിലെ ബി. സുരേഷ്ബാബു നിര്‍ദേശിച്ചു. മുസ്‌ലിംലീഗിലെ ശിഹാബ് പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ജിന്‍സി സണ്ണിയുടെ പേര് കെ.കെ. ഹനീഫ നിര്‍ദേശിച്ചു. കോണ്‍ഗ്രസിലെ അരുണ്‍ദേവ് പിന്താങ്ങി. രണ്ടു സ്ഥാനങ്ങളിലേക്കും എല്‍ഡിഎഫ് മത്സരിച്ചില്ല. ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിനു 14 ഉം എല്‍ഡിഎഫിനു രണ്ടും അംഗങ്ങളാണുള്ളത്.
ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍(വനിത സംവരണം) വരണാധികാരി സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ എം.ടി. ഹരിലാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ പ്രസന്ന ശശീന്ദ്രനെതിരേ സിപിഎമ്മിലെ ലത ശശി മത്സരിച്ചു. പ്രസന്നയ്ക്കു ഒമ്പതും ലതയ്ക്ക് അഞ്ചും വോട്ട് ലഭിച്ചു. സിപിഎമ്മിലെ ഷാജി കോട്ടയിലിനെ അഞ്ചിനെതിരേ ഒമ്പത് വോട്ടിനു പരാജയപ്പെടുത്തിയാണ് ലീഗിലെ ടി. അവറാന്‍ വൈസ് പ്രസിഡന്റായത്. 14 ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തില്‍. തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും അധികാരമേറ്റു.
പടം—ഇടതുനിന്ന് ടി.എസ്. ദിലീപ്കുമാര്‍, റഷീന സുബൈര്‍, കെ.കെ. ഹനീഫ, ജിന്‍സി സണ്ണി, മീനാക്ഷി രാമന്‍, സി.പി. മൊയ്തീന്‍ ഹാജി, പ്രസന്ന ശശീന്ദ്രന്‍, ടി. അവറാന്‍.





Leave a Reply