സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷൻ
കൽപ്പറ്റ :സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ. കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. തൊഴിൽ സ്ഥലത്തുണ്ടാവുന്ന ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിലുള്ള മാനസിക പീഡനമാണ് പലപ്പോഴും സ്ത്രീ തൊഴിലാളികൾക്ക് ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരിൽ നിന്ന് ഉണ്ടാവുന്നതെന്നും ഇതിന് അറിഞ്ഞും അറിയാതെയും മാനേജ്‍മെന്റ് കൂട്ടുനിൽക്കുന്ന അവസ്ഥയുണ്ടെന്നും വനിതാ കമ്മീഷൻ അംഗം കൂട്ടിച്ചേര്‍ത്തു.
തുച്ഛമായ വേതനത്തിന് അതിരാവിലെ മുതൽ ഏറെ വൈകും വരെ ജോലി ചെയ്യുമ്പോഴും തൊഴിൽ സ്ഥലങ്ങളിൽ നേരിടേണ്ടിവരുന്ന മോശപ്പെട്ട അനുഭവങ്ങൾ സ്ത്രീകളുടെ അത്മാഭിമാനത്തിന് നേരെയുള്ള വെല്ലുവിളിയാണ്. പ്രസവാവധി എടുത്ത് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിൽ മേലധികാരികളിൽ നിന്ന് മോശപ്പെട്ട അനുഭവം നേരിട്ടതുമായി ബന്ധപ്പെട്ടും പരാതികൾ വരുന്നുണ്ട്. താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവരോടുള്ള മേലുദ്യോഗസ്ഥരുടെ പെരുമാറ്റം ചില സമയങ്ങളിൽ വളരെ മോശമാണ്. ജോലിയിൽ തുടര്‍ന്ന് പോകാൻ മാനേജര്‍മാരുടെയും ടീം ലീഡര്‍മാരുടെയും കാരുണ്യം ആവശ്യമാണെന്ന നിലയിലാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശക്തമായ പരിശോധനകൾക്കൊപ്പം ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും വേണമെന്ന് അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.
അദാലത്തിൽ 23 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇവയിൽ രണ്ടെണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികളിന്മേൽ കമ്മീഷൻ റിപ്പോര്‍ട്ട് തേടി. 16 എണ്ണം അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. ഒരു പരാതി അദാലത്തിൽ നേരിട്ട് ലഭിക്കുകയും ചെയ്തു. സ്വകാര്യ തൊഴിലിടങ്ങളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പുറമെ ഗാര്‍ഹിക പീഡനം, സാമ്പത്തിക പ്രശ്നങ്ങൾ, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ പരാതികളും അദാലത്തിൽ പരിഗണനയ്ക്ക് വന്നു. വനിത സെൽ എ.എസ്.ഐ കെ. നസീമ, കൗണ്‍സിലര്‍മാരായ റിയ, ശ്വേത എന്നിവരും ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു.





Leave a Reply