വയനാട് പുനരധിവാസം: ടൗൺഷിപ്പിനായി 99.40 കോടി രൂപ കൂടി അനുവദിച്ചു
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ എസ്എഎസ്‌സിഐ(സ്‌പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്)സഹായ ഘടകങ്ങള്‍ക്ക് 99,40,93,279 രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. റോഡ് നിര്‍മാണം-76,68,11,654 രൂപ, പൊതു കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും-18,44,73,781 രൂപ, 4.5 ശതമാനം നിരക്കില്‍ സെന്റേജ് ചാര്‍ജ് 4,28,07,844 രൂപ എന്നിങ്ങനെയാണ് ഭരണാനുമതി.
എസ്എഎസ്‌സിഎ പ്രകാരം സംസ്ഥാനം സമര്‍പ്പിച്ച പദ്ധതി കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുകയും 529.50 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷല്‍ ഓഫീസര്‍ ഡിസംബര്‍ എട്ടിന് അയച്ച കത്തില്‍ എസ്എഎസ്‌സിഐ ഘടകം തുകയായ 95,12,85,435 രൂപ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ(പിഐയു)ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.
ടൗണ്‍ഷിപ്പിലെ എസ്എഎസ്‌സിഐ ധനസഹായത്തോടെയുള്ള ഘടകങ്ങള്‍ക്കുള്ള ആകെ തുക 95,12,85,435 രൂപയാണ്. ഈ ഘടകങ്ങള്‍ക്കുള്ള സെന്റേജ് ചാര്‍ജുകളും എസ്എഎസ്‌സിഐ ഫണ്ടില്‍നിന്നാണ് വഹിക്കേണ്ടത്. കിഫ്‌കോണാണ് ടൗണ്‍ഷിപ്പില്‍ റോഡുകളുടെയും പൊതു കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവൃത്തി നടത്തുന്നത്. ഭരണാനുമതിയായ തുക ദുരന്തനിവാരണ വകുപ്പ് ധനകാര്യ ഓഫീസര്‍ പൊതുമരാമത്ത് വകുപ്പിന്റെ വെണ്ടര്‍ അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ടൗണ്‍ഷിപ്പില്‍ 410 വീടുകള്‍, പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ജലവിതരണം, മലിനജല സംവിധാനങ്ങള്‍, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍, അനുബന്ധ ജോലികള്‍ എന്നിവയ്ക്ക് 351,48,03,778 രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞ മെയ് 16ന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. മെയ് 17ന് കിഫ്‌കോണിനു 324,49,97,064 രൂപയുടെ സാങ്കേതികാനുമതി നല്‍കി. ചര്‍ച്ചകള്‍ക്കുശേഷം ജിഎസ്ടി ഉള്‍പ്പെടെ 299 കോടിക്ക് ഇപിസി(എന്‍ജിനിയറിംഗ്, പ്രൊക്യൂര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍)തുക അന്തിമമാക്കുകയും അതനുസരിച്ച് കരാര്‍ നടപ്പാക്കുകയും ചെയ്തിരുന്നു. ടൗണ്‍ഷിപ്പില്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു(സിഡിആര്‍എംഎഫ്)സഹായം നല്‍കുന്നുണ്ട്.





Leave a Reply