കെഎസ്ടിഎ ജില്ലാ സമ്മേളനം സമാപിച്ചു
പുൽപ്പള്ളി: എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനത്തിനായി തസ്‌തികകൾ മാറ്റിവെച്ചാൽ, മറ്റ് ഒഴിവുകളിലെ നിയമനങ്ങൾക്ക് അടിയന്തരമായി അംഗീകാരം നൽകി ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കെഎസ്‌ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത സാഹചര്യം മറ്റ് അധ്യാപക നിയമനങ്ങളെ ബാധിക്കരുത്. നിയമന നടപടികൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സേവന-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നും, അവരുടെ യോഗ്യതയും പ്രായപരിധിയും നിശ്ചയിച്ച് ജോലി സുരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു. നിലവിൽ പ്രായപരിധി നിശ്ചയിക്കാത്തതിനാൽ എഴുപത് വയസ്സ് കഴിഞ്ഞവരും ഈ മേഖലയിൽ ജോലി തുടരേണ്ടി വരുന്നത് പരിഗണിച്ചാണിത്.
സമ്മേളനത്തിന്റെ സമാപന ദിനത്തിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ രാജേഷ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. മണിയൻ, പിഎസ്സിഇയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ദേവകുമാർ, കെജിഎൻഎ ജില്ലാ സെക്രട്ടറി ജി. സംഗീത എന്നിവരും കെഎസ്ടിഎ നേതാക്കളും സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. രാജൻ സ്വാഗതവും ട്രഷറർ പി. ബിജു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എ ഇ സതീഷ് ബാബു (പ്രസിഡന്റ്), ടി രാജൻ (സെക്രട്ടറി), പി ബിജു (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ബിനുമോൾ ജോസ്, എം വി സമിത, എൻ എം വിനോദ്, ജാസ്മിൻ തോമസ് (വൈസ് പ്രസിഡന്റുമാർ), വിൽസൺ തോമസ്, എം കെ സ്വരാജ്, പി ഉമേഷ്, കെ അനൂപ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ഷക്കീല തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.





Leave a Reply