ആവേശം, അഭിമാനം; ഒരേ ചുവടുകളുമായി വിസ്മയം തീർത്ത് കുട്ടി പോലീസ്
ദ്വാരക: പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ അകമ്പടിയിൽ 350-ഓളം കുട്ടി പോലീസുകാർ ഒരേ മനസായി, ഒരേ ചുവടുകളുമായി ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും വാനോളമുയർന്നു. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന മാനന്തവാടി സബ്ബ് ഡിവിഷനിലെ ഒമ്പത് സ്ക്കൂളുകളിൽ നിന്നുള്ള സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. ജില്ലാ അഡീഷണൽ എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ് പരേഡ് വീക്ഷിച്ച് സല്യൂട്ട് സ്വീകരിച്ചു. ജയിക്കുന്നവർക്ക് മാത്രമല്ല തോൽക്കുന്നവർക്കും കൂടി വേണ്ടിയുള്ളതാണ് ഈ ലോകമെന്ന് തിരിച്ചറിഞ്ഞ് അവരെയും സമൂഹത്തിന്റെ മുൻപന്തിയിലെത്തിക്കാൻ ശ്രമിക്കേണ്ട ബ്രാൻഡ് അംബാസിഡർമാരെയും ഭാവിയിലെ ഉത്തരവാദിത്തമുള്ള പൗരന്മാരെയുമാണ് എസ്.പി.സി പ്രോജക്ടിലൂടെ പോലീസ് വളർത്തിയെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, ജി.എച്ച്.എസ്.എസ് വാളാട്, എസ്.സി.എച്ച്.എസ്.എസ് പയ്യംപള്ളി, എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക, ഫാ. ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം, എ.എം.എം.ആർ.എച്ച്. എസ്.എസ് നല്ലൂർനാട്, ജി.എച്ച്.എസ്.എസ് തലപ്പുഴ, ജി.എച്ച്.എസ്.എസ് ആറാട്ടുതറ എന്നീ സ്കൂളുകളിലെ എസ്.പി.സി കുട്ടികളുടെ പാസിംഗ് ഔട്ട് ആണ് നടന്നത്. മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ മുഖ്യാതിഥിയായിരുന്നു. അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. എ.എസ്.ഐ ബഷീറിൻ്റെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങിയ ജില്ലാ പോലീസ് ബാന്റ് സംഘം പരേഡിന് പൊലിമയേകി. പരേഡ് കമാൻഡർ കണിയാരം ഫാ: ജി കെ എം ഹയർ സെകണ്ടറി സ്ക്കൂളിലെ ഡോൺ മാത്യുവും, സെക്കൻ്റ് ഇൻ കമാൻഡർ പയ്യംമ്പള്ളി സെൻ്റ കാതറിൻസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ അലൻ ജോസഫ് സിബിസണുമായിരുന്നു. ദ്വാരക സ്ക്കൂൾ മാനേജർ ഫാ: സന്തോഷ് തെക്കയിൽ, പ്രധാനാധ്യാപിക ബിജി എം. അബ്രഹാം, തലപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആർ. അനീഷ് കുമാർ, മാനന്തവാടി എസ്.ഐ ജിതിൻ കുമാർ, പി ടി എ പ്രസി. മമ്മൂട്ടി തോക്കൻ, വിവിധ സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 2010 ഓഗസ്റ്റ് രണ്ടാം തിയ്യതി 127 വിദ്യാലയങ്ങളിൽ ആരംഭിച്ച എസ് പി സി പദ്ധതി 15 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്താകെ 1048 സ്ക്കൂളുകളിൽ വ്യാപിച്ചു.





Leave a Reply