പാലിയേറ്റീവ് ദിനം: പടിഞ്ഞാറത്തറയിൽ രോഗീ-ബന്ധു സംഗമവും ഉല്ലാസയാത്രയും സംഘടിപ്പിക്കും
പടിഞ്ഞാറത്തറ: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജനുവരി 15-ന് രോഗികൾക്കും ബന്ധുക്കൾക്കുമായി ബാണാസുര സാഗർ ഡാമിൽ സംഗമവും ഉല്ലാസയാത്രയും നടക്കും.
ദിനാചരണത്തിന് മുന്നോടിയായി ജനുവരി 14-ന് വൈകുന്നേരം 4 മണിക്ക് പഞ്ചായത്ത് പരിസരത്ത് നിന്ന് വിപുലമായ വിളംബര റാലി നടക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വ്യാപാരികൾ, വിദ്യാർത്ഥികൾ, വനിതാ കൂട്ടായ്മകൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, പ്രമോട്ടർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ റാലിയിൽ അണിനിരക്കും.
പഞ്ചായത്ത് ഹാളിൽ ചേർന്ന പാലിയേറ്റീവ് കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് ജോസഫ് പുല്ല്മാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ.കെ. പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ബിന്ദു ബാബു, ഹാരിസ് കണ്ടിയൻ, എം.വി. ജോണി, ഡോ. ഷൗഖീൻ, ഡോ. അനിത, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോൾ, ജില്ലാ കോർഡിനേറ്റർ സിമിത സിസ്റ്റർ, എച്ച്.ഐ സന്തോഷ് കുമാർ, സതീഷ് കുമാർ, ജിജി ജോസ് എന്നിവർ സംസാരിച്ചു.
കെ.ടി. കുഞ്ഞബ്ദുള്ള സ്വാഗതവും സി.ഇ. ഹാരിസ് നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗം പരിപാടികൾ വൻ വിജയമാക്കാൻ തീരുമാനിച്ചു.





Leave a Reply