ടി സിദ്ദിഖ് പരാജയഭീതിയിൽ നുണപ്രചാരണം നടത്തുന്നു: കെ റഫീഖ്
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരെ വഞ്ചിച്ച കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് പരാജയഭീതിയിൽ കോൺഗ്രസ് സൈബർ പോരാളികളുടെ നിലവാരത്തിൽ നുണപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട് എംപി പ്രിയങ്കാ ഗാന്ധി വാദ്ര ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയില്ലായെന്ന് കൈരളി ചാനൽ നടത്തിയ ചർച്ചയിൽ താൻ മുമ്പ് പറഞ്ഞിരുന്നു. ഇൗ വീഡിയോ കട്ട് ചെയ്‌ത് എംഎൽഎ പുനരധിവാസത്തിന് പണം നൽകിയില്ലായെന്ന് താൻ പറഞ്ഞെന്ന നിലയിൽ വ്യാജ വീഡിയോ നിർമിച്ച് ടി സിദ്ദിഖ് പ്രദർശിപ്പിക്കുകയാണ്. മാനന്തവാടി എംഎൽഎയായ മന്ത്രി ഒ ആർ കേളു ശമ്പളത്തിൽനിന്നും ഒരുലക്ഷം രൂപ നൽകിയപ്പോൾ കൽപ്പറ്റ എംഎൽഎ എത്രരൂപ നൽകിയെന്ന് സ്വയം ചിന്തിക്കണം. സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ പിതൃത്വം ഏറ്റെടുക്കുന്ന എംഎൽഎയ്‌ക്ക് ടൗൺഷിപ്പിൽ കയറാൻപോലും അർഹതയുണ്ടോയെന്ന് ജനം വിലയിരുത്തുന്നുണ്ട്.
ജനങ്ങളിൽനിന്നും പണം പിരിച്ചശേഷം കോൺഗ്രസ് വാഗ്ദാനം നൽകിയ വീട് നിർമിക്കാത്തത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് എംഎൽഎ നുണപ്രചാരണം നടത്തുന്നത്. കോൺഗ്രസിന്റെ വീട് എവിടെയെന്ന് ജനങ്ങൾ ചോദിക്കുമ്പോൾ കർണാടകത്തിലെ ജനങ്ങളുടെ നികുതിയിൽനിന്നും സർക്കാർ നൽകിയ 50 വീടിന്റെ പണത്തിന്റെ കണക്ക് പറയുന്നത് അപഹാസ്യമാണ്. കർണാടകയ്‌ക്ക് സമാനമായി ആന്ധ്ര സർക്കാരും പത്ത് കോടി കൈമാറിയിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങൾ പുനരധിവാസത്തിന് പണം കൈമാറിയിട്ടുണ്ട്. വിവിധ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ കേരളവും തിരിച്ച് സഹായങ്ങൾ നൽകിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ, കെഎസ്‌ടിഎ, എൻജിഒ, കെജിഒഎ തുടങ്ങിയ ഇടതു വർഗബഹുജന സംഘടനകൾ വീടിനായി ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ കൈമാറിയപ്പോൾ സംഭാവന മുടക്കാനാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ശ്രമിച്ചത്. കോൺഗ്രസ് അനുകൂല സംഘടനകൾ ദുരിതാശ്വാസനിധിക്കെതിരെ രംഗത്ത് വന്നിരുന്നുവെന്നും റഫീഖ് പറഞ്ഞു.





Leave a Reply