April 30, 2026

വര്‍ഗീയത പറയാതെ സിപിഎമ്മിന് നിലനില്‍പ്പില്ല: പി എം എ സലാം

0
IMG_20260113_122851
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: തരംതാഴ്ന്ന വര്‍ഗീയത പറയാതെ സിപിഎമ്മിന് നിലനില്‍പ്പില്ലെന്ന അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ കെ ബാലന്റെ വര്‍ഗീയ പ്രസ്താവന സിപിഎം നടത്തിയ അധപതനത്തിന്റെ അഗാധതയ്ക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പി എം എ സലാം. മതസൗഹാര്‍ദ്ദം ഇല്ലാതാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അധികാരത്തില്‍ തിരിച്ചെത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ജനങ്ങളുടെ വികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയത്. കേരളത്തില്‍ ആകമാനം അഭൂതപൂര്‍വ്വമായ വിജയമായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 865 സീറ്റുകളാണ് മുസ്ലിം ലീഗിന് അധികം ലഭിച്ചത്. ഇത് പാര്‍ട്ടിയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി യുഡിഎഫ് സഹകരിക്കും. അടിത്തറ വികസിപ്പിക്കണമെന്നാണ് യുഡിഎഫ് തീരുമാനം. കേരള കോണ്‍ഗ്രസ് യു ഡി എഫിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ആദ്യഘട്ട താക്കോല്‍ദാനം ഫെബ്രുവരി 28ന് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി എം എ സലാം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *