ദീപ്തിഗിരി ദേവാലയ വെഞ്ചരിപ്പും തിരുനാളും നാളെ
മാനന്തവാടി: എടവക രണ്ടേനാലിൽ പുതുക്കിപ്പണിത ദീപ്തിഗിരി സെന്റ് തോമസ് ദേവാലയം നാളെ വെഞ്ചരിക്കും. വൈകീട്ട് നാലിന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് ആശീർവാദവും പ്രതിഷ്ഠയും നടത്തുക. രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ, കല്ലോടി ഫൊറോന വികാരി ഫാ. സജി കോട്ടായിൽ, ദേവാലയത്തിന്റെ പ്രഥമ വികാരി ഫാ. വിൻസെന്റ് താമരശേരി, ഇടവകയിൽ നിന്നുള്ള വൈദികരായ ഫാ. സുബിൻ വലരിയൽ, ഫാ. ജോഫ്രി കളരിക്കൽ, ഫാ. നിധീഷ് തലച്ചിറ എന്നിവർ സഹ കാർമികരാകും.
ദേവാലയത്തിലെ തിരുനാള്‍ 16 മുതൽ 18 വരെ ആഘോഷിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഇടവക വികാരി ഫാ. ചാണ്ടി പൂനക്കാട്ട് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, പൂര്‍വികരുടെ അനുസ്മരണം, സിമിത്തേരി സന്ദർശനം എന്നിവ നടത്തും. ചടങ്ങുകൾക്ക് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം കാർമികത്വം വഹിക്കും. വൈകീട്ട് 6.30-ന് സൺഡേ സ്കൂളിന്റേയും ഭക്ത സംഘടനകളുടേയും വാർഷികാഘോഷം ഉണ്ടായിരിക്കും.
ശനിയാഴ്ച കുടിയേറ്റ അനുസ്മരണ ദിനമായി ആചരിക്കും. വൈകീട്ട് നാലിന് തലശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകും. വൈകീട്ട് പ്രദക്ഷിണവും, ആകാശ വിസ്മയവും സംഘടിപ്പിക്കും. തിരുനാൾ സമാപന ദിവസമായ ഞായറാഴ്ചയാണ് സുവർണ ജൂബിലി അനുസ്മരണ ദിനം. രാവിലെ പത്ത് മണിക്ക് സുൽത്താൻ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. സുവനീർ പ്രകാശനം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയുമുണ്ടാകും.





Leave a Reply