പോരൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ തിരുനാളിന് കൊടിയേറി
മാനന്തവാടി: പോരൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. ജോയ് പുല്ലുംകുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങുകളോടെ തിരുനാൾ കൊടിയേറി. ജനുവരി 18-ന് സമാപിക്കുന്ന ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 4.30-ന് ജപമാലയോടെ പ്രധാന തിരുനാൾ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് അഞ്ച് മണിക്ക് മാനന്തവാടി രൂപതയിലെ നവ വൈദികരുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. ദിവ്യബലിക്ക് ശേഷം മരിയൻ നഗർ കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണവും തുടർന്ന് പന്തൽ പ്രസംഗവും ദേവാലയത്തിൽ വിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ ജനുവരി 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. റോബിൻ പടിഞ്ഞാറയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും വചന സന്ദേശവും നടക്കും. തുടർന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന, ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് തിരുവനന്തപുരം മലയാള നാടക വേദി അവതരിപ്പിക്കുന്ന ‘സ്വന്തം നാമധേയത്തിൽ’ എന്ന സാമൂഹിക നാടകവും അരങ്ങേറും.





Leave a Reply