August 13, 2026

കല്ലോടിയിലെ ടോയ്ലറ്റ് സമുച്ചയം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം: 29-ന് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് ബിജെപി

0
IMG_20260127_200637
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി: ലക്ഷങ്ങൾ ചിലവഴിച്ച് കല്ലോടിയിൽ നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ജനുവരി 29-ന് എടവക പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തുമെന്ന് ബിജെപി എടവക കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 44 ലക്ഷം രൂപ നിർമ്മാണച്ചിലവും 36,000 രൂപ മന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങുകൾക്കുമായി ചിലവഴിച്ചിട്ടും ഏഴ് വർഷം നീണ്ട നിർമ്മാണത്തിനൊടുവിലും ഈ ടോയ്ലറ്റ് സമുച്ചയം ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണച്ചിലവ് വഹിച്ച പദ്ധതിയിൽ ഒട്ടേറെ അപാകതകൾ ഉണ്ടായിട്ടും അത് പരിഹരിക്കാതെയാണ് ഉദ്ഘാടനം നടത്തിയത്. സാധാരണ നിലയിൽ അയ്യായിരം രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന ഉദ്ഘാടന ചടങ്ങിന് 36,000 രൂപ ചിലവ് കാണിച്ച് പ്രസിഡന്റ് ജസ്റ്റിൻ ബേബിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് തുക പാസാക്കി നൽകിയത് അഴിമതിയാണെന്നും ബിജെപി ആരോപിച്ചു.

 

ലൈഫ് പദ്ധതിയിൽ ഒരു വീടിന് നാല് ലക്ഷം രൂപ മാത്രം അനുവദിക്കുന്ന സ്ഥാനത്താണ് നാല് ടോയ്ലറ്റുകൾക്കായി 44 ലക്ഷം രൂപ ചിലവഴിച്ചിരിക്കുന്നത്. ഇതിൽ ആറ് ലക്ഷം രൂപ കുടിവെള്ളത്തിനും വൈദ്യുതിക്കുമായി വകയിരുത്തിയിട്ടും ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഇവ ലഭ്യമാക്കിയിട്ടില്ല. വെള്ളവും വൈദ്യുതിയും ഉറപ്പുവരുത്താതെ എന്തിനാണ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്നും ബിജെപി ചോദിക്കുന്നു. ബാങ്കുകൾ, കൃഷിഭവൻ, പി.എച്ച്.സി, വില്ലേജ് ഓഫീസ് തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും സ്ഥിതി ചെയ്യുന്ന കല്ലോടിയിൽ നിത്യേന അയ്യായിരത്തോളം ആളുകളാണ് വന്നുപോകുന്നത്. ഇത്രയും അത്യാവശ്യമായ ഒരു പൊതുസംവിധാനം ജനങ്ങൾക്ക് തുറന്നുനൽകാൻ അധികൃതർ തയ്യാറാകാത്തത് നികുതിദായകരോടുള്ള വെല്ലുവിളിയാണ്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ മന്ത്രി ഒ.ആർ കേളുവിന്റെ ഓഫീസും ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഒരേദിവസം ഉപരോധിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിൽ ജോർജ്ജ് മാസ്റ്റർ, നിക്സൺ ചാക്കോ അരീക്കൽ, ജി.കെ മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *