സംസ്ഥാന ബജറ്റ് ജില്ലയുടെ വികസന തുടർച്ച ഉറപ്പാക്കുന്നു: സിപിഐ എം
കൽപ്പറ്റ: സംസ്ഥാന ബജറ്റ് ജില്ലയുടെ വികസന തുടർച്ച ഉറപ്പാക്കുമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ദുരന്തബാധിതർക്ക് ടൗൺഷിപ്പിൽ ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന ബജറ്റ് പ്രഖ്യാപനം പ്രധാനമാണ്. ഇതോടൊപ്പമാണ് മുണ്ടക്കൈ–ചൂരൽമല അതിജീവിതരുടെ 18. 76 കോടി രൂപയുടെ കടബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഉരുൾപൊട്ടിയതുമുതൽ ദുരന്തബാധിതരെ ചേർത്തുപിടിക്കുകയാണ്. ഓരോ നടപടികളിലും കരുതലിന്റെയും മനുഷ്യത്വത്തിന്റെയും സ്‌പർശമുണ്ട്. വയനാട് പാക്കേജിന് ഇത്തവണയും 80 കോടി രൂപ അനുവദിച്ചു. മുൻ ബജറ്റുകളിൽ അനുവദിച്ച തുക ഉപയോഗിച്ചുള്ള പ്രവൃത്തികൾ പലതും പൂർത്തിയായി. പുരോഗമിക്കുന്നവയുമുണ്ട്. റോഡുകൾ, പാലങ്ങൾ എന്നിവയ്‌ക്കും കോടികൾ വകയിരുത്തിയിട്ടുണ്ട്. ബാണാസുര സാഗർ ജലസേേചന പദ്ധതി പൂർത്തീകരിക്കുന്നത് കാർഷിക മേഖലയ്‌ക്ക് ഉണർവാകും. വന്യമൃഗ പ്രതിരോധം, തൊഴിലുറപ്പ് പദ്ധതി, തോട്ടം തൊഴിലാളികൾക്കുള്ള ഭവന പദ്ധതി, ടൂറിസം മേഖലയ്‌ക്കുള്ള കോടികൾ, ആദിവാസി വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ എന്നിവയുടെയെല്ലാം നേട്ടം കൂടുതൽ ലഭിക്കുക വയനാടിനാണ്.
കൂടുതൽ കരുത്തോടെ തുടർഭരണത്തിലേക്കുള്ള എൽഡിഎഫ് സർക്കാരിന്റെ കാൽവെപ്പാണ് ബജറ്റെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.





Leave a Reply