May 15, 2026

ബജറ്റിൽ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന് അവഗണന: പടിഞ്ഞാറത്തറയിൽ പ്രതിഷേധം ശക്തമാകുന്നു

0
IMG_20260130_094838
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ: പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ സ്വപ്നമായ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡിനെ സംസ്ഥാന ബജറ്റിൽ പൂർണ്ണമായും അവഗണിച്ചതിൽ ജനകീയ കർമ്മ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമേറിയതും പരിസ്ഥിതി സൗഹൃദവുമായ ഈ പാതയോട് സർക്കാർ കാണിച്ച വിമുഖത പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമിതി ആരോപിച്ചു. ഓരോ ബജറ്റിലും പ്രതീക്ഷകൾ നൽകി ഒടുവിൽ പദ്ധതിയെ പാടെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം നിർമ്മാണപ്രവർത്തനങ്ങൾക്കായി തുക വകയിരുത്താത്തത് മലയോര ജനതയോടുള്ള കടുത്ത വഞ്ചനയാണെന്നും ഈ പ്രധാനപ്പെട്ട വിഷയം നിയമസഭയിൽ വേണ്ടത്ര ഗൗരവത്തോടെ ഉന്നയിക്കുന്നതിലും സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടതായും സമിതി കുറ്റപ്പെടുത്തി.

ഭരണ-പ്രതിപക്ഷ ഭേദമന്യേ വയനാടിന്റെ വികസന സ്വപ്നങ്ങളെ തളച്ചിടാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഏക ശാശ്വത പരിഹാരമായ ഈ റോഡ് യാഥാർത്ഥ്യമാക്കാതെ വന്യജീവി സങ്കേതങ്ങളുടെയും പരിസ്ഥിതിയുടെയും പേരിൽ തടസ്സവാദങ്ങൾ ഉന്നയിച്ച് പദ്ധതി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് സമിതി വ്യക്തമാക്കി. അവഗണന തുടർക്കഥയാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് കർമ്മ സമിതിയുടെ തീരുമാനം. രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് വേണ്ടി ഒന്നിച്ചുനിൽക്കാൻ എല്ലാ വിഭാഗം ആളുകളോടും സമിതി ആഹ്വാനം ചെയ്തു.

ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കമൽ ജോസഫ്, സാജൻ തുണ്ടിയിൽ, യു.സി ഹുസൈൻ, ആലിക്കുട്ടി സി കെ, പ്രകാശ് കുമാർ വി.കെ, ഉലഹന്നാൻ പട്ടർ മടം, ബിനു ഞർലേരി, ഹംസ കുളങ്ങരത്ത്, ബെന്നി മാണിക്കത്ത്, നാസർ സി, ജോമോൻ, വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *