വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. കാർഷിക മേഖലയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭവന പദ്ധതി, പട്ടികജാതി-പട്ടികവർഗ്ഗ വികസന ഫണ്ടുകളുടെ കൃത്യമായ വിനിയോഗം എന്നിവയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും അവർ പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തികൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള കർമപദ്ധതികൾക്കൊപ്പം വിദ്യാഭ്യാസ മേഖലയിലെ പ്രോജക്റ്റുകളുടെ സമഗ്ര വിശകലനം നടത്തി ഫലപ്രാപ്തി ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജി. സുകുമാരൻ പദ്ധതി മാർഗ്ഗരേഖ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിനി തോമസ്, വി.എൻ. ശശീന്ദ്രൻ, ഗിരിജാ കൃഷ്ണൻ, സൽമാ മോയി, ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ആസൂത്രണ സമിതി അംഗം യഹ്യാഖാൻ തലക്കൽ എന്നിവർ സംസാരിച്ചു. വിവിധ വർക്കിങ് ഗ്രൂപ്പുകൾ വിഷയ മേഖല അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി വാർഷിക പദ്ധതിയിലേക്കുള്ള നിർദേശങ്ങൾ യോഗത്തിൽ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വിദഗ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





Leave a Reply