ജനകീയ വനസംരക്ഷണത്തിന് പുത്തൻ ചുവടുവെപ്പുമായി വനംവകുപ്പ്; വയനാട് ഫോറസ്റ്റ് മീഡിയ സെൽ ശില്പശാല സമാപിച്ചു
കൽപ്പറ്റ: വനസംരക്ഷണവും ജനക്ഷേമവും മുൻനിർത്തി കേരള വനംവകുപ്പ് സംഘടിപ്പിച്ച ‘വയനാട് ഫോറസ്റ്റ് മീഡിയ സെൽ’ ഏകദിന ശില്പശാല കുറുവ ദ്വീപിൽ വിജയകരമായി സമാപിച്ചു. നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ അഞ്ജൻ കുമാർ ബി.എൻ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, വനത്തെയും വന്യജീവികളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലെത്തിക്കുന്നതിനും മനുഷ്യ-വന്യജീവി സഹവർത്തിത്വം ഉറപ്പാക്കുന്നതിനുമുള്ള ക്രിയാത്മകമായ മാർഗങ്ങൾ ചർച്ച ചെയ്തു. വനത്തിന്റെ കഥകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങളിലേക്ക് എത്തിച്ച് സുതാര്യമായ ആശയവിനിമയം ഉറപ്പാക്കുകയാണ് ഈ വേറിട്ട സംരംഭത്തിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമന്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ എ.സി.എഫ് ജോഷിൽ എം. കഥപറച്ചിലിന്റെ വിവിധ തലങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു. സോഷ്യൽ മീഡിയ കോർഡിനേറ്ററും ആർ.എഫ്.ഒയുമായ ശ്രീനാഥ് ടി.കെ. ആധുനിക സാങ്കേതിക വിദ്യകൾ വനസംരക്ഷണ പ്രവർത്തനങ്ങളിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് വിശദീകരിച്ചു. വയനാട് മീഡിയ സെല്ലിലെ നാഷ്, മൊബൈൽ ഗാഡ്‌ജെറ്റുകൾ ഉപയോഗിച്ച് എപ്രകാരം മികച്ച ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമ്മിക്കാം എന്നതിൽ പ്രായോഗിക പരിശീലനം നൽകി. വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനും സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവൽക്കരണത്തിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഈ പരിശീലനം സഹായിക്കും. വനത്തിന്റെ സുരക്ഷയും നാട്ടുകാരുടെ ക്ഷേമവും ഒരുപോലെ പരിഗണിക്കുന്ന ഒരു ജനകീയ വനംവകുപ്പിനെ വാർത്തെടുക്കാനുള്ള വലിയൊരു ചുവടുവെപ്പായി ഈ ശില്പശാല മാറി.





Leave a Reply