മാനന്തവാടിയിൽ യുവാവ് തീ കൊളുത്തി മരിച്ച സംഭവം: പഴുതടച്ച അന്വേഷണം വേണമെന്ന് ബിജെപി
മാനന്തവാടി: വ്യാപാരിയുടെ വീടിന് മുന്നിൽ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആത്മഹത്യക്ക് പ്രേരിപ്പിച്ച ഘടകം എന്താണെന്ന് പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് പഴുതടച്ച അന്വേഷണം വേണമെന്നും ബിജെപി മാനന്തവാടി മണ്ഡലം കമ്മറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മരണത്തിന് മുൻപ് യുവാവ് വീഡിയോയിൽ പറഞ്ഞിട്ടുള്ള വ്യക്തികൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. കച്ചവട രംഗത്ത് ഇവർ തമ്മിലുണ്ടാക്കിയ കരാർ ലംഘനത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ, പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ കുടുംബത്തിന് കരാർ ലംഘനത്തിലെ തുക നൽകി സഹായിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. തെറ്റുകാരെ കണ്ടെത്തി ശക്തമായ ശിക്ഷാനടപടി സ്വീകരിക്കാത്ത പക്ഷം മാനന്തവാടി പോലീസ് സ്റ്റേഷൻ മാർച്ചും ആരോപണവിധേയരായവരുടെ സ്ഥാപന ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ മേഖല ഉപാധ്യക്ഷൻ പുനത്തിൽ രാജൻ, സെക്രട്ടറി കണ്ണൻ കണിയാരം, മണ്ഡലം പ്രസിഡന്റ് സുമ രാമൻ, ജനറൽ സെക്രട്ടറിമാരായ നിധിഷ് ലോകനാഥ്, കെ.എസ്. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.





Leave a Reply