കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ യൂത്ത് ക്ലബ് ഫുട്ബോൾ ടൂർണ്ണമെന്റിന് കൽപ്പറ്റയിൽ തുടക്കമാവുന്നു
കൽപ്പറ്റ: കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെന്റിന് ഫെബ്രുവരി 27-ന് വയനാട്ടിൽ തുടക്കമാകും. കൽപ്പറ്റ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസും ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ കെ.പി. ജയചന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 14 ജില്ലകളിൽ നിന്നുള്ള പുരുഷ ടീമുകളും 4 വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രാത്രിയിലെ മത്സരങ്ങൾ ഫ്ലഡ്‌ലിറ്റ് വെളിച്ചത്തിലാണ് നടക്കുക. ടൂർണ്ണമെന്റിന്റെ ആദ്യ ദിനത്തിൽ മലപ്പുറം കോട്ടയവുമായി ഏറ്റുമുട്ടും. ആദ്യ ദിവസം ഏഴ് ടീമുകളും രണ്ടും മൂന്നും ദിവസങ്ങളിൽ ആറ് ടീമുകൾ വീതവും കളത്തിലിറങ്ങും.
വിജയികൾക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയുമാണ് നൽകുന്നത്. മൂന്ന്, നാല് സ്ഥാനക്കാർക്ക് 15,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. ടൂർണ്ണമെന്റിന്റെ പ്രചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 26-ന് വൈകുന്നേരം 3 മണിക്ക് കൽപ്പറ്റ ടൗണിൽ വിളംബര ജാഥ നടക്കും. മാർച്ച് 1-ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. വിവിധ സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ, കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.





Leave a Reply