വരള്‍ച്ചാ പ്രതിരോധം: ത്രിതല പഞ്ചായത്ത് പരിധികളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണം- ജില്ലാ വികസന സമിതി
കൽപ്പറ്റ: വരള്‍ച്ച പ്രതിരോധിക്കാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപന പരിധികളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വരള്‍ച്ച രൂക്ഷമായി നേരിടുന്ന പുല്‍പ്പള്ളി മേഖലയില്‍ ജനകീയ സമിതിയെ ഉള്‍പ്പെടുത്തി കബനി പുഴയില്‍ തടയണ നിര്‍മിക്കാന്‍ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ആരോഗ്യ- വിദ്യാഭ്യാസ- കാര്‍ഷിക – വന്യമൃഗ സംഘര്‍ഷ ലഘൂകരണം – വിനോദ സഞ്ചാര മേഖലകളില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടപ്പാക്കിയതെന്ന് എം.എല്‍.എ ടി.സിദ്ദിഖ്. വിവിധ വകുപ്പുകള്‍ നേതൃത്വം നല്‍കി പ്രവര്‍ത്തി പുരോഗമിക്കുന്ന വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ നിര്‍വഹണത്തിലും തുക വിനിയോഗത്തിലും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അറിയിച്ചു. ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയതായും അവര്‍ വ്യക്തമാക്കി.
പൊഴുതന വില്ലേജില്‍ ഉള്‍പ്പെട്ട സുഗന്ധഗിരിയിലെ ഡിജിറ്റല്‍ സര്‍വെ പ്രവര്‍ത്തനങ്ങള്‍ നാലാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുമെന്ന് സര്‍വെ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മുഖേന വിവരശേഖരണം ആരംഭിച്ചതായി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. മുണ്ടേരി വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുറക് ഭാഗത്ത് ഭിത്തിയിടിഞ്ഞ് ഭൂമി താഴുന്നത് സംരക്ഷിക്കാന്‍ 1.10 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ് എം. പ്രസാദന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply