വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ടി. സിദ്ദിഖ് എംഎൽഎക്കെതിരെയുള്ള കൂവിവിളി വിവാദമാകുന്നു
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിനിടെ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിനെതിരെ ഉണ്ടായ കൂവിവിളി രാഷ്ട്രീയ വിവാദത്തിലേക്ക്. ചീഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചപ്പോഴും തുടർന്ന് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസിൽനിന്നും ഉയർന്ന കൂവിവിളി തന്നെ ഏറെ മനോവിഷമിപ്പിച്ചെന്നും ഇത് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും ടി. സിദ്ദിഖ് പ്രതികരിച്ചു. ദുരിതബാധിതരല്ല, മറിച്ച് പുറത്തുനിന്നുള്ളവരാണ് ഇതിന് പിന്നിലെന്നും പ്രസംഗത്തിനിടെ മന്ത്രി കെ. രാജൻ നടത്തിയ “കല്ലിട്ടു പോകുന്നവർ” എന്ന പരാമർശം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനൊപ്പം നിന്ന് പ്രവർത്തിച്ചിട്ടും ഇത്തരമൊരു അനുഭവം ഉണ്ടായപ്പോൾ ഇടപെടേണ്ടവർ ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, എംഎൽഎക്കെതിരായ നടപടി മര്യാദകേടാണെന്നും മുഖ്യമന്ത്രി ഇതിൽ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ടൗൺഷിപ്പ് നിർമാണത്തിൽ തങ്ങളുടെ കൂടി വിഹിതമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മഴക്കാലത്തിന് മുൻപായി മുഴുവൻ ദുരന്തബാധിതർക്കും വീടും ഭൂമിയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. പരിപാടിക്കിടെ കൂവിവിളി ഉണ്ടായപ്പോൾ സിപിഐഎം നേതാക്കളായ വി. വസീഫും കെ. റഫീഖും ഇടപെട്ട് പ്രവർത്തകരെ തടയാൻ ശ്രമിച്ചിരുന്നു.





Leave a Reply