2030-ഓടെ സമഗ്ര വികസനം ലക്ഷ്യമാക്കി തവിഞ്ഞാൽ പഞ്ചായത്ത് ബജറ്റ്
മാനന്തവാടി: 2030-ഓടെ തവിഞ്ഞാലിനെ സമഗ്ര വികസനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുൻഗണനകൾ നിശ്ചയിച്ച് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ് അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ മേഖലയ്ക്കും കാർഷിക പുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കിടപ്പുരോഗികൾ, ഡയാലിസിസ് ആവശ്യമായവർ, ക്യാൻസർ രോഗികൾ എന്നിവരെ സഹായിക്കുന്നതിനായി പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും മാസം പത്ത് രൂപ വീതം ശേഖരിച്ച് പ്രത്യേക ദുരിതാശ്വാസ നിധി രൂപീകരിക്കുന്നത് ബജറ്റിലെ ശ്രദ്ധേയമായ പദ്ധതിയാണ്. 74,56,33,220 രൂപ വരവും 72,16,85,333 രൂപ ചെലവും 2,39,47,887 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ, ഭവനരഹിതർക്കായി വീടുകൾ നിർമ്മിക്കുന്നതിന് 20 കോടി രൂപയും എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കുന്നതിന് 30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷീരമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ 54 ലക്ഷം രൂപയും നെൽ-പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 50 ലക്ഷം രൂപയും നീക്കിവെച്ചുകൊണ്ട് കർഷകരുടെ സാമ്പത്തിക ഉന്നമനത്തിന് ബജറ്റ് ഊന്നൽ നൽകുന്നു. വിദ്യാഭ്യാസ പുരോഗതിക്കും പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനുമായി 35 ലക്ഷം രൂപയും, സമ്പൂർണ്ണ ശുചിത്വം ഉറപ്പാക്കാൻ 50 ലക്ഷം രൂപയും, അംഗൻവാടി കുട്ടികളുടെ പോഷകാഹാരത്തിനായി 50 ലക്ഷം രൂപയും, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായി ജോണി മറ്റത്തിലാനി, വി കെ ശശികുമാർ, എൽസിജോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസമ്മ ബേബി, സിക്രട്ടറി മനോജ് വി.സി.എ ന്നിവർ സംബന്ധിച്ചു.തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply