April 25, 2026

ചൂരല്‍മലമുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം: ടി. സിദ്ധിഖ് എം.എല്‍.എ

0
IMG_20260308_122327
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: 2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ ചൂരല്‍മലമുണ്ടക്കൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളുടെ എല്ലാ വായ്പകളും അടിയന്തിരമായി എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി.

 

ദുരന്തത്തില്‍ 10, 11, 12 വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ നിരവധി കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണമായും നശിക്കുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കഴിയുന്നത്. ദുരന്തബാധിതരായ പലരും ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകള്‍ സര്‍ക്കാര്‍ എഴുതി തള്ളിയെങ്കിലും ഇതോടൊപ്പം സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 118 പേരുടെ വായ്പകള്‍ ഇതുവരെ എഴുതി തള്ളിയിട്ടില്ലെന്നും കത്തില്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.

 

ഇപ്പോഴും ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ താമസിച്ചു കൊണ്ടിരിക്കുന്ന ഇവരെ വിവിധ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സാഹചര്യമാണുള്ളത്. ദുരന്തം സംഭവിച്ച് ഒരു വര്‍ഷവും ഏഴ് മാസവും പിന്നിട്ടിട്ടും ഇവരുടെ വായ്പ എഴുതി തള്ളുന്നതില്‍ അനുകൂല നടപടികള്‍ സ്വീകരിക്കാത്തത് ദുരിതബാധിതരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്.

 

പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഭൂരിഭാഗവും തോട്ടം തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയ സാധാരണക്കാരാണെന്നും ദുരന്തത്തില്‍ ജീവിതോപാധികളും വീടുകളും നഷ്ടപ്പെട്ട ഇവര്‍ക്ക് മാസങ്ങളോളം തൊഴിലിന് പോലും പോകാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇവര്‍ പൂര്‍ണമായി മുക്തരായിട്ടില്ലെന്നും കത്തില്‍ പറയുന്നു.

 

ദുരന്തബാധിതരായ സാധാരണ ജനങ്ങളുടെ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 118 കുടുംബങ്ങളുടെ വായ്പകളും അടിയന്തിരമായി എഴുതി തള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *