ബത്തേരി ഗവ. കോളേജ് ഉടൻ തുറക്കണം; എസ്എഫ്‌ഐ ജില്ലാ സമ്മേളനം
കൽപ്പറ്റ: എൽഡിഎഫ് സർക്കാർ ബത്തേരി മണ്ഡലത്തിൽ അനുവദിച്ച സർക്കാർ കോളേജ് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണമെന്ന് എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വികസനം ലക്ഷ്യമിട്ട് അനുവദിച്ച കോളേജ്, പ്രാദേശിക എംഎൽഎയുടെ അനാസ്ഥ മൂലം നഷ്ടമാകുന്ന സ്ഥിതിയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. വർഷങ്ങൾ പിന്നിട്ടിട്ടും കോളേജിനായി സ്ഥലം ഏറ്റെടുക്കാൻ നടപടിയില്ല. ബത്തേരിക്കൊപ്പം അനുവദിച്ച തൃശ്ശിലേരി ഗവ. കോളേജ് പ്രവർത്തനം ആരംഭിച്ചിട്ടും ഇവിടെ കാലതാമസം നേരിടുന്നത് സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്നും ഈ നീക്കം അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നെന്മേനി വനിത ഐടിഐ, മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളേജ് എന്നിവയ്ക്ക് സ്വന്തമായി കെട്ടിടം നിർമിക്കുക, കൽപ്പറ്റ, മാനന്തവാടി ഗവ. കോളേജുകൾ, പൂക്കോട് വെറ്ററിനറി സർവകലാശാല, വയനാട് എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ കൂടുതൽ ഹോസ്റ്റലുകൾ സജ്ജമാക്കുക, മുണ്ടക്കൈ ടൗൺഷിപ്പിൽ കൽപ്പറ്റ ഗവ. എൽപി സ്കൂളിന് സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 37 അംഗ ജില്ലാ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അപർണ ഗൗരിയെ ജില്ലാ പ്രസിഡന്റായും എം.എസ്. ആദർശിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സി.ആർ. വിഷ്ണു, എ. അബിൻ ബാബു, സച്ചു ഷാജി (വൈസ് പ്രസിഡന്റുമാർ), അഥീന ഫ്രാൻസിസ്, മുഹമ്മദ് ഷിബിലി, ഇ.എ. സായന്ത് കൃഷ്ണ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അപർണ ഗൗരി നന്ദി പറഞ്ഞു.





Leave a Reply