പാചകവാതക ക്ഷാമം: വയനാട്ടിൽ ആശങ്കയും തിരക്കും
കൽപ്പറ്റ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് പാചകവാതക ക്ഷാമമുണ്ടാകുമെന്ന ആശങ്ക പടർന്നതോടെ വയനാട് ജില്ലയിൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ വൻ തിരക്ക്. ഒരേസമയം കൂടുതൽ ആളുകൾ ബുക്കിങ്ങിന് ശ്രമിച്ചതോടെ സെർവർ തകരാറിലായതും വിതരണത്തെ ബാധിച്ചു. പുൽപള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഗ്യാസ് ഓഫീസുകൾക്ക് മുന്നിൽ വ്യാഴാഴ്ച രാവിലെ മുതൽ നീണ്ട നിരയായിരുന്നു. മൂന്ന് ലോഡ് ഗ്യാസ് എത്തിയെങ്കിലും ബുക്ക് ചെയ്തവരുടെ എണ്ണം ഇതിന്റെ ഇരട്ടിയായതോടെ പലർക്കും സിലിണ്ടർ ലഭിക്കാതെ മടങ്ങേണ്ടി വന്നു.
നിലവിൽ ജില്ലയിൽ ഗാർഹിക സിലിണ്ടറുകൾക്ക് ക്ഷാമമില്ലെന്നും എന്നാൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം രണ്ട് ദിവസമായി നിലച്ചിരിക്കുകയാണെന്നും ഏജൻസികൾ അറിയിച്ചു. യുദ്ധഭീതി മൂലം ജനങ്ങൾ ഒന്നിച്ച് ബുക്കിങ്ങിന് ശ്രമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അനാവശ്യ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സിലിണ്ടർ വിതരണം സുഗമമാക്കാൻ ജില്ലാ സപ്ലൈ ഓഫീസർ കർശന നിർദേശം നൽകി. സിലിണ്ടറുകൾ നേരിട്ട് വീടുകളിൽ എത്തിക്കണമെന്നും വഴിയരികിൽ കൂട്ടിയിട്ട് വിതരണം ചെയ്യുന്നത് തടയുമെന്നും അദ്ദേഹം അറിയിച്ചു. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയാൻ വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കും.





Leave a Reply