April 25, 2026

ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

0
img_20260312_223608
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സംസ്ഥാനത്തിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഗവ. ഗസ്റ്റ്ഹൗസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ച്, സർക്കാർ നടത്തിയ ശക്തമായ ഇടപെടലുകൾ ടൂറിസം മേഖലയിൽ വലിയ ഉണർവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

2025ൽ കേരളം സന്ദർശിച്ച സഞ്ചാരികളുടെ എണ്ണം രണ്ട് കോടി 58 ലക്ഷം ആയി ഉയർന്നു. 2024നെ അപേക്ഷിച്ച് 28 ലക്ഷം അധികം സഞ്ചാരികൾ സംസ്ഥാനത്തെത്തിയതായും ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശ സഞ്ചാരികളുടെയും എണ്ണം ശ്രദ്ധേയമായി വർധിച്ചതായും മന്ത്രി പറഞ്ഞു.

ദി ന്യൂയോർക് ടൈംസ് ഉൾപ്പെടെയുള്ള ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ ലോകത്ത് കണ്ടിരിക്കേണ്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ–അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ സംസ്ഥാനത്തിന് നേടാനായതായും ലോക രാജ്യങ്ങളോടൊപ്പം മത്സരിക്കാൻ പ്രാപ്തി കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി സംസ്ഥാന സർക്കാർ നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഡെസ്റ്റിനേഷൻ വെഡ്ഡിങ്, സിനി ടൂറിസം, ഹെലി ടൂറിസം, കാരവൻ ടൂറിസം എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികൾ ഇതിനകം അവതരിപ്പിച്ചു. ബീച്ച് ടൂറിസം ശക്തിപ്പെടുത്തുന്നതിനും സാഹസിക ടൂറിസം വികസിപ്പിക്കുന്നതിനുമായി പുതുമയാർന്ന പദ്ധതികൾ നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു.

ഇതോടൊപ്പം സ്ത്രീ സൗഹൃദ ടൂറിസം പദ്ധതികൾ ലോകശ്രദ്ധ നേടിയതായും ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കുന്നതിലൂടെ പ്രദേശിക സമൂഹങ്ങൾക്കും ഗുണം ചെയ്യുന്ന രീതിയിൽ ടൂറിസം വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

21 കോടി 16 ലക്ഷം രൂപ ചെലവിൽ മൂന്ന് ഘട്ടങ്ങളിലായാണ് സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലയിലെത്തുന്ന അതിഥികൾക്ക് നിലവാരമുള്ള താമസം സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്.

നാല് നിലകളിലായി 48 എക്സിക്യൂട്ടീവ് മുറികളും നാല് വി.ഐ.പി സ്യൂട്ട് മുറികളും 100 പേർക്ക് ഇരിക്കാവുന്ന ഡൈനിങ്‌ ഹാൾ, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് റൂം എന്നിവയാണ് ഗസ്റ്റ് ഹൗസിൻ്റെ ന്യൂ ബ്ലോക്കിൽ സജ്ജമാക്കത്. ഇൻഡിഗോ ആർക്കിടെക്ട് മുഖേന രൂപകൽപന ചെയ്ത പദ്ധതി പൊതുമേഖല സ്ഥാപനമായ കിറ്റ്കോ ലിമിറ്റഡ് മുഖാന്തിരമാണ് വിനോദ സഞ്ചാര വകുപ്പ് പൂർത്തീകരിച്ചത്.

എം. എൽ. എ ഐ. സി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രൻ, വാർഡ് കൗൺസിലർ ഷിഫാനത്ത്, ടൂറിസം വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ സി. ഗിരീഷ് കുമാർ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *