May 16, 2026

പെരിക്കല്ലൂർ-ബത്തേരി റോഡ് പണി അനാസ്ഥയ്ക്കെതിരെ പുൽപ്പള്ളിയിലെ വ്യാപാരികൾ സമരത്തിലേക്ക്

0
IMG_20260318_103211
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: പെരിക്കല്ലൂർ-ബത്തേരി റോഡ് നവീകരണത്തിൽ അധികൃതർ കാട്ടുന്ന ഗുരുതരമായ അനാസ്ഥയ്ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നു. മൂന്നു മാസത്തിലധികമായി റോഡ് പൂർണ്ണമായും ഇളക്കിയിട്ടിരിക്കുകയാണെന്നും പെരിക്കല്ലൂർ മുതൽ പുൽപ്പള്ളി ടൗൺ വരെയുള്ള ഭാഗം മാത്രമാണ് നിലവിൽ ഭാഗികമായെങ്കിലും പൂർത്തിയായിട്ടുള്ളതെന്നും വ്യാപാരികൾ ആരോപിക്കുന്നു. പുൽപ്പള്ളി ടൗണിൽ ജനുവരിയിൽ പൊളിച്ചിട്ട ഭാഗങ്ങളിൽ ടാറിങ് നടത്താത്തത് നിത്യേനയുള്ള അപകടങ്ങൾക്കും ഡ്രൈവർമാർ തമ്മിലുള്ള തർക്കങ്ങൾക്കും കാരണമാകുന്നുണ്ട്.

 

താഴെയങ്ങാടിയിൽ അപകടാവസ്ഥയിലായിരുന്ന പഴയ കലുങ്ക് പൊളിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും നിർമ്മാണപ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. 30 ദിവസത്തിനകം പണി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും നിലവിൽ പകുതി പോലും പൂർത്തിയാകാത്തത് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഒരുപോലെ ചതിക്കുഴയിലാക്കുന്നു. ചീയമ്പം, ഷെഡ്, ഇരുളം തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് തലങ്ങും വിലങ്ങും വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്ര ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഭാരവാഹനങ്ങളുടെ യന്ത്രത്തകരാറുകളും പൊടിശല്യം മൂലം ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

റോഡ് പണികൾ അടിയന്തരമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രദേശവാസികളെ കൂടി അണിനിരത്തി ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ, പൊതുമരാമത്ത് മന്ത്രി, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർക്ക് സമിതി പരാതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അജിമോൻ കെ.എസ്, ട്രഷറർ ഷാജിമോൻ പി.എ, ഭാരവാഹികളായ ജോസ് കുന്നത്ത്, റഫീഖ് കെ.വി, ഷിബിൻ വി.കെ, സുനിൽ ജോർജ്, കെ. ജോസഫ്, സജി വർഗീസ്, ലിയോ ടോം, പ്രഭാകരൻ, വേണുഗോപാൽ, ശിവദാസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *